കൊളംബോ: ശ്രീലങ്കയിൽ വൻ ലഹരിവസ്തു വേട്ടയ്ക്കിടെ 22 ബുദ്ധ സന്യാസിമാർ അറസ്റ്റിലായി. തലസ്ഥാനമായ കൊളംബോയിലെ ബന്ദാരണായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. വിമാനത്താവളത്തിൽ ഇതുവരെ നടന്ന ഏറ്റവും വലിയ ലഹരിവസ്തു വേട്ടയാണിതെന്ന് അധികൃതർ അറിയിച്ചു.
തായ്‌ലൻഡിൽ നിന്ന് മടങ്ങിയെത്തിയ ഇവരുടെ കൈവശം 110 കിലോഗ്രാമിലധികം കഞ്ചാവ് കണ്ടെത്തി. ഓരോരുത്തരുടെയും സ്യൂട്ട്‌കേസുകളിൽ അഞ്ചുകിലോയിലധികം കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു. പ്രത്യേകമായി തയ്യാറാക്കിയ വ്യാജ അടിഭാഗങ്ങളുള്ള ബാഗുകളിലാണ് ലഹരിവസ്തു കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
സൂചനയുടെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കി ഈ സംഘം പിടിയിലായത്. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ വില ഏകദേശം 3.45 മില്യൺ ഡോളർ (ഏകദേശം 11 ബില്യൺ ശ്രീലങ്കൻ രൂപ) വരുമെന്നാണ് കണക്ക്.
ശ്രീലങ്കയിൽ ലഹരിവസ്തു കേസുകൾക്ക് കർശനമായ ശിക്ഷയാണ് നിലവിലുള്ളത്. കേസുകളിൽ ദീർഘകാല തടവും വിചാരണയ്ക്ക് മുമ്പ് നീണ്ട തടങ്കലും ഉണ്ടാകാമെന്ന് അധികൃതർ വ്യക്തമാക്കി.
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവ സന്യാസിമാരടങ്ങിയ സംഘമാണ് ഏപ്രിൽ 22ന് സ്‌പോൺസറുടെ സഹായത്തോടെ തായ്‌ലൻഡിലേക്ക് യാത്രതിരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രാദേശിക ലഹരി കടത്ത് സംഘങ്ങളുണ്ടോ എന്നത് ശ്രീലങ്ക പൊലീസ് നാർക്കോട്ടിക്‌സ് ബ്യൂറോ പരിശോധിച്ചുവരികയാണ്.
അറസ്റ്റിലായവരെ നെഗോംബോ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. വിമാനത്താവളത്തിൽ ലഹരിവസ്തുവുമായി ബുദ്ധ സന്യാസിമാർ പിടിയിലാകുന്നത് ഇതാദ്യമായാണെന്നതാണ് സംഭവത്തിന്റെ മറ്റൊരു പ്രത്യേകത.
കൊളംബോ വിമാനത്താവളത്തിൽ ബുദ്ധ സന്യാസിമാരിൽ നിന്ന് 110 കിലോ കഞ്ചാവ് പിടിച്ചടുത്തു; 22 പേർ അറസ്റ്റിൽ
