മാഡ്രിഡ്: അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഇസ്രയേലുമായുള്ള സഹകരണ കരാര്‍ അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഞായറാഴ്ച പറഞ്ഞു.
ഗാസ സംഘര്‍ഷത്തിലും ലെബനനിനെതിരായ ഇസ്രായേല്‍ ആക്രമണങ്ങളിലും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനെ സ്‌പെയിന്‍ വിമര്‍ശിച്ചു. എന്നാലിത് സ്‌പെയിനിന്റെ കാപട്യവും ശത്രുതയുമാണെന്ന് നെതന്യാഹു ആരോപിച്ചു.
യൂറോപ്യന്‍ യൂണിയന്‍ ഇസ്രായേലുമായുള്ള സഹകരണ കരാര്‍ ഉപേക്ഷിക്കണമെന്ന് സ്‌പെയിന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയന് നിര്‍ദ്ദേശം അവതരിപ്പിക്കുമെന്ന് സാഞ്ചസ് അന്‍ഡലൂഷ്യയില്‍ നടന്ന രാഷ്ട്രീയ റാലിയില്‍ പറഞ്ഞു.
ഇസ്രയേല്‍ 'അന്താരാഷ്ട്ര നിയമം ലംഘിക്കുന്നു' എന്നും അതിനാല്‍ 'യൂറോപ്യന്‍ യൂണിയന്റെ പങ്കാളിയാകാന്‍ കഴിയില്ല' എന്നും അദ്ദേഹം ആരോപിച്ചു.
2000 ജൂണില്‍ യൂറോപ്യന്‍ യൂണിയനും ഇസ്രായേലും തമ്മിലുണ്ടാക്കിയ സഹകരണ കരാറില്‍ മനുഷ്യാവകാശങ്ങളെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യവസ്ഥ ഉള്‍പ്പെടുന്നുണ്ട്.
2023 ഒക്ടോബറില്‍ ഇസ്രായേലിനെതിരായ ഹമാസ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ഗാസയ്ക്കെതിരായ യുദ്ധത്തില്‍ ഉപയോഗിച്ച തന്ത്രങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് 2024ല്‍ സ്പെയിനും അയര്‍ലന്‍ഡും ആദ്യമായി കരാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.
അതേ വര്‍ഷം തന്നെ സ്പെയിന്‍ പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത് ഇസ്രായേലിനെ പ്രകോപിപ്പിച്ചുിരുന്നു. അതിനുശേഷം സാഞ്ചസ് നെതന്യാഹുവിന്റെ സര്‍ക്കാരിനെതിരായ വിമര്‍ശനം ശക്തമാക്കി.
യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ അടുത്ത യോഗത്തില്‍ ഇസ്രായേലുമായുള്ള കരാര്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പെയിന്‍, അയര്‍ലന്‍ഡ്, സ്ലൊവേനിയ എന്നിവ വെള്ളിയാഴ്ച യൂറോപ്യന്‍ കമ്മീഷന് കത്ത് അയച്ചിരുന്നു.
തന്റെ രാജ്യത്തിനെതിരെ ശത്രുതാപരമായ നയതന്ത്ര പ്രചാരണം നടത്തുന്നതായി സ്പെയിന്‍ ഈ മാസം ആരോപിച്ച നെതന്യാഹു യുദ്ധാനന്തര ഗാസയെ സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നതിന് രൂപീകരിച്ച യു എസ് നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മാഡ്രിഡിനെ വിലക്കി.
തങ്ങളെ ആക്രമിക്കുന്നവരുടെ മുന്നില്‍ ഇസ്രായേല്‍ മൗനം പാലിക്കില്ലെന്നാണ് നെതന്യാഹു അന്ന് പറഞ്ഞത്.
