സോള്‍: ഉത്തര കൊറിയയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ മന:പൂര്‍വം നീക്കങ്ങള്‍ നടത്തിയെന്ന ആരോപണങ്ങള്‍ക്കിടയില്‍ സുപ്രധാന പ്രഖ്യാപനവുമായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ യങ് ആണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.
പ്രഖ്യാപനത്തിനൊപ്പം ഇതൊരു പൊല്ലാപ്പാകുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. മുന്‍ പ്രസിഡന്റിന്റെ കാലത്ത് രാജ്യത്ത് പട്ടാള നിയമം നടപ്പാക്കുന്നതിന് ഉത്തര കൊറിയയെ കരുവാക്കി സംഘര്‍ഷമുണ്ടാക്കാന്‍ മന:പൂര്‍വം ശ്രമങ്ങള്‍ നടത്തിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലീ ജെ യങ്ങിന്റെ പ്രസ്താവന.
സംഘര്‍ഷം ഉണ്ടാക്കാന്‍ നീക്കം നടത്തിയോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ് എങ്കിലും ഈ വിഷയത്തില്‍ താന്‍ മാപ്പു പറയാന്‍ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ, ഇതിന്റെ പേരില്‍ തന്നെ ഉത്തര കൊറിയന്‍ അനുകൂലി എന്നു മുദ്ര കുത്തുമോ എന്നും രാജ്യത്ത് തര്‍ക്കങ്ങള്‍ക്ക് ഇതു കാരണമായേക്കുമോ എന്നും ഉള്ള ആശങ്ക മൂലം ഇതുവരെ പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും ലീ ജെ യങ് പറഞ്ഞു.
2024 ഒക്ടോബറില്‍ ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകള്‍ വിതറാന്‍ ദക്ഷിണ കൊറിയയുടെ ഡ്രോണുകളും ബലൂണുകളും പ്യോങ്യാങിന് മുകളിലൂടെ മൂന്നു തവണ പറത്തിയെന്ന് ഉത്തരകൊറിയ പരസ്യമായി ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ദക്ഷിണ കൊറിയന്‍ സൈന്യം നിഷേധിച്ചു. ലീ ജെ യങ് അധികാരമേറ്റതോടെ ഉത്തര കൊറിയയെ അലോസരപ്പെടുത്തുന്ന നടപടികള്‍ ദക്ഷിണ കൊറിയ നിര്‍ത്തി വച്ചു. അതേസമയം ദക്ഷിണ കൊറിയന്‍ പൗരന്മാര്‍ ഉത്തര കൊറിയയില്‍ തടവില്‍ കിടക്കുന്ന കാര്യം അറിയില്ലെന്ന യങിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.
