സോൾ: യുക്രെയ്‌നിൽ പിടിയിലായ ഉത്തരകൊറിയൻ സൈനികരെ ദക്ഷിണ കൊറിയയ്ക്കു കൈമാറിയ വിവരം പരസ്യമാക്കിയതിൽ യുക്രെയ്‌നോട് വിശദീകരണവും ഔദ്യോഗിക മാപ്പും ആവശ്യപ്പെട്ട് ദക്ഷിണ കൊറിയ. കൈമാറ്റം രഹസ്യമായി സൂക്ഷിക്കാമെന്ന ധാരണ നിലനിന്നിട്ടും യുക്രെയ്ൻ ഏകപക്ഷീയമായി വിവരം പുറത്തുവിട്ടെന്നാണ് ദക്ഷിണ കൊറിയൻ പ്രസിഡൻഷ്യൽ ഓഫിസിന്റെ ആരോപണം.
യുക്രെയ്‌ന്റെ നടപടിയിൽ കടുത്ത അതൃപ്തിയുണ്ടെന്ന് പ്രസിഡൻഷ്യൽ ഓഫിസിലെ മുതിർന്ന പബ്ലിക് റിലേഷൻസ് സെക്രട്ടറി സിയോങ് ഗിഹോങ് പ്രസ്താവനയിൽ പറഞ്ഞു. രഹസ്യ ധാരണയില്ലായിരുന്നെന്ന യുക്രെയ്ൻ പിന്നീട് നടത്തിയ പ്രസ്താവന തെറ്റായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആവശ്യമായാൽ കൂടുതൽ നടപടികൾ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഇത് ഇരുരാജ്യങ്ങളുടെയും ബന്ധത്തെ ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രണ്ട് ഉത്തരകൊറിയൻ സൈനികരെ കൈമാറുന്നതുമായി ബന്ധപ്പെട്ട് സോൾ-കീവ് സർക്കാരുകൾ വിവിധ തലങ്ങളിൽ പലതവണ ചർച്ച നടത്തിയിരുന്നു. വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന് യുക്രെയ്ൻ തന്നെയാണ് ആവശ്യപ്പെട്ടതെന്നാണ് ദക്ഷിണ കൊറിയയുടെ വിശദീകരണം. സൈനികരെ കൈമാറിയ വിവരം പുറത്തുവന്നാൽ, യുക്രെയ്‌നിൽ തടവിലുള്ള സ്വന്തം സൈനികരെ മോചിപ്പിക്കുന്നതിനായി ഉത്തരകൊറിയൻ സൈനികരെ കൈമാറ്റം ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന വിമർശനം ഉയർന്നേക്കുമെന്ന ആശങ്കയും യുക്രെയ്ൻ ഉന്നയിച്ചിരുന്നതായി ദക്ഷിണ കൊറിയ പറയുന്നു.
സുരക്ഷ, നയതന്ത്രം, മാനുഷിക പരിഗണനകൾ മുൻനിർത്തിയാണ് രഹസ്യ ധാരണ അംഗീകരിച്ചതെന്ന് സോൾ വ്യക്തമാക്കി. ഉത്തരകൊറിയയിൽ തുടരുന്ന സൈനികരുടെ ബന്ധുക്കളുടെ സുരക്ഷയും പരിഗണിച്ചിരുന്നു. എന്നാൽ ദക്ഷിണ കൊറിയയുമായി മതിയായ മുൻകൂർ കൂടിയാലോചനയില്ലാതെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി ഐക്യരാഷ്ട്ര പൊതുസഭയിലെ പ്രസംഗത്തിനിടെ കൈമാറ്റ വിവരം പുറത്തുവിട്ടെന്നാണ് ആരോപണം.
തുടർന്ന് രഹസ്യ ധാരണ ഉണ്ടായിരുന്നില്ലെന്ന് യുക്രെയ്ൻ നിഷേധിച്ചതോടെയാണ് തർക്കം രൂക്ഷമായത്. ഇതോടെ ഇരുസർക്കാരുകൾക്കുമിടയിലെ വിശ്വാസം തകർന്നതായി ദക്ഷിണ കൊറിയൻ പ്രസിഡൻഷ്യൽ ഓഫിസ് പ്രതികരിച്ചു.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേമ്യോങും സംഭവത്തിൽ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ സൈനികരുടെ കൈമാറ്റം പരസ്യമാക്കാതിരുന്നതാണ് ഉചിതമായിരുന്നതെന്നും ധാരണ നിലനിന്നിരുന്നിട്ടും വിവരം പുറത്തുവിട്ടത് ദുഃഖകരമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
റഷ്യയിലെ കുർസ്‌ക് മേഖലയിൽ 2025 ജനുവരിയിലാണ് യുക്രെയ്ൻ സേന രണ്ട് ഉത്തരകൊറിയൻ സൈനികരെ ജീവനോടെ പിടികൂടിയത്. റഷ്യയ്‌ക്കൊപ്പമുള്ള യുദ്ധത്തിൽ ഉത്തരകൊറിയ നേരിട്ട് പങ്കാളിയായതിന് പിന്നാലെ ജീവനോടെ പിടിയിലായ ആദ്യ ഉത്തരകൊറിയൻ സൈനികരായിരുന്നു ഇവർ. ദക്ഷിണ കൊറിയയിലെത്തിയ വിവരം സുരക്ഷാ കാരണങ്ങളാൽ സോൾ നേരത്തെ സ്ഥിരീകരിച്ചിരുന്നില്ല. ദക്ഷിണ കൊറിയയിലേക്ക് പോകാൻ സൈനികർ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സോൾ-കീവ് ചർച്ചകൾക്കൊടുവിൽ കൈമാറ്റം നടന്നതെന്നാണ് ദക്ഷിണ കൊറിയൻ പ്രതിപക്ഷ എംപിയുടെ വിശദീകരണം.
ഉത്തരകൊറിയൻ സൈനികരെ കൈമാറിയ വിവരം: യുക്രെയ്‌നോട് മാപ്പ് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയ
