ഖംനേയിയുടെ സംസ്കാരച്ചടങ്ങിൽ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മുദ്രാവാക്യങ്ങൾ; അന്ത്യകർമത്തിന് ഒരാഴ്ച വിട്ടുനൽകിയെന്ന് ട്രംപ്

ഖംനേയിയുടെ സംസ്കാരച്ചടങ്ങിൽ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മുദ്രാവാക്യങ്ങൾ; അന്ത്യകർമത്തിന് ഒരാഴ്ച വിട്ടുനൽകിയെന്ന് ട്രംപ്


തെഹ്റാൻ: അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാനേയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത വൻജനാവലി അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും പ്രതികാരത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തു.

,അമേരിക്കയ്ക്ക് മരണം, ഇസ്രയേലിന് മരണം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഇറാനിൽ ഇത്തരം മുദ്രാവാക്യങ്ങൾ പതിവായി ഉയരാറുണ്ട്.

തെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ ഖം നേയിയുടെ ഭൗതികശരീരം ഗ്ലാസ് കവചത്തിനുള്ളിൽ പൊതുദർശനത്തിനായി വെച്ചു. തങ്ങളുടെ ഇമാമിനെ കൊന്നവനെ വധിക്കും തുടങ്ങിയ മുദ്രാവാക്യങ്ങളും ചടങ്ങിനിടെ ഉയർന്നു.

ഷിയാ ഇസ്ലാമിൽ പ്രതികാരത്തിന്റെ പ്രതീകമായ ചുവപ്പുപതാകകൾ നിരവധി പേർ ഉയർത്തിക്കാട്ടി. ഷിയാ ആചാരപ്രകാരം പുരുഷന്മാർ നെഞ്ചിൽ താളത്തിൽ അടിച്ച് ദുഃഖം പ്രകടിപ്പിച്ചു. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് സംഘാടകർ ജനക്കൂട്ടത്തിലേക്ക് വെള്ളം തളിക്കുകയും തണുത്ത പാനീയങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ഖംനേയിയുടെ കുടുംബാംഗങ്ങളുടെ ഭൗതികശരീരങ്ങളും അദ്ദേഹത്തിന്റെ പെട്ടകത്തിന് താഴെയായി സ്ഥാപിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ പാരമ്പര്യം സൂചിപ്പിക്കുന്ന കറുത്ത തലപ്പാവ് ഖംനേയിയുടെ പെട്ടകത്തിന് മുകളിൽ വെച്ചിരുന്നു.

ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖംനേയിയുടെ ചിത്രങ്ങളും ചിലർ കൈവശം വഹിച്ചിരുന്നെങ്കിലും അദ്ദേഹം പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടില്ല.

1989 മുതൽ ഇറാനെ നയിച്ചിരുന്ന വംനേയിക്ക് വധിക്കപ്പെട്ട സമയത്ത് 86 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വകാലത്ത് രാജ്യത്തിന്റെ ആണവപരിപാടിയും പ്രാദേശിക സായുധ ശൃംഖലയും വ്യാപിച്ചതായി വിലയിരുത്തപ്പെടുന്നു.

ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജൂലൈ 4 ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗത്ത് ഡക്കോട്ടയിലെ മൗണ്ട് റഷ്മോറിൽ നടത്തിയ പ്രസംഗത്തിൽ ഖാനേയിയുടെ സംസ്കാരച്ചടങ്ങിനായി ഇറാന് ഒരാഴ്ച വിട്ടുനൽകിയതായി അവകാശപ്പെട്ടു.

തങ്ങൾ ഇറാനെ ശക്തമായി പ്രഹരിച്ചിരുന്നുവെന്നും ഇപ്പോൾ അവർ ധാരണയിലെത്താൻ ആഗ്രഹിക്കുന്നുവെന്നും സംസ്കാരച്ചടങ്ങിനായി ഒരാഴ്ച സമയം നൽകിയതായും തങ്ങൾ മാന്യത കാണിച്ചുവെന്നുമാണ് ട്രംപ് പറഞ്ഞത്.

ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥരുടെ വിവരമനുസരിച്ച്, അമേരിക്ക-ഇറാൻ ചർച്ചകൾ നിലവിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സംസ്കാരച്ചടങ്ങുകൾ പൂർത്തിയായ ശേഷം ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് സൂചന.

തെഹ്റാനിലെ ചടങ്ങിൽ പങ്കെടുത്ത ചിലർ കിൽ ട്രംപ് "എന്ന് എഴുതിയ വലിയ ബാനർ ഉയർത്തിക്കാട്ടി.

ഖാനേയിയുടെ ഭൗതികശരീരം ഇറാനിലെയും അയൽരാജ്യമായ ഇറാഖിലെയും വിവിധ നഗരങ്ങളിലേക്ക് കൊണ്ടുപോകും. അനുശോചന ചടങ്ങുകളുടെ ഭാഗമായി തെഹ്റാനിലെ നിരവധി റോഡുകളും വ്യോമപാതയും അടച്ചിട്ടിരിക്കുകയാണ്.

,ഖം നേയിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാരെയും വ്യാപാര സ്ഥാപനങ്ങളെയും ഇറാൻ ഭരണകൂടവും സർക്കാരുമായി ബന്ധമുള്ള സ്ഥാപനങ്ങളും സമ്മർദത്തിലാക്കിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിവിധ തൊഴിൽ സ്ഥാപനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ നിർബന്ധിക്കുകയും ചെയ്തതായി ചില കത്തുകൾ ലഭിച്ചതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.