കിഴക്കന്‍ ഫ്രാന്‍സില്‍ സ്‌കൈഡൈവിംഗ് വിമാനം തകര്‍ന്ന് 11 മരണം

കിഴക്കന്‍ ഫ്രാന്‍സില്‍ സ്‌കൈഡൈവിംഗ് വിമാനം തകര്‍ന്ന് 11 മരണം


പാരിസ്: കിഴക്കന്‍ ഫ്രാന്‍സില്‍ സ്‌കൈഡൈവിംഗിന് യാത്ര തിരിച്ചിരുന്ന ചെറിയ സിവിലിയന്‍ വിമാനം തകര്‍ന്ന് 11 പേര്‍ മരിച്ചു. മരിച്ചവരില്‍ പൈലറ്റും 10 യാത്രക്കാരും ഉള്‍പ്പെടുന്നതായി പ്രാദേശിക ഭരണകൂടം ഞായറാഴ്ച സ്ഥിരീകരിച്ചു.

മരിച്ചവരില്‍ അഞ്ച് വിദ്യാര്‍ഥികളും അഞ്ച് പരിശീലകരും ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ടോംബ്ലെയിന്‍  പട്ടണത്തിലെ വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശത്തേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുതെന്ന് ഭരണകൂടം നിര്‍ദേശം നല്‍കി.

സ്‌കൈഡൈവിംഗ് അനുഭവത്തിനായി പുറപ്പെട്ട സംഘത്തെയാണ് വിമാനം കൊണ്ടുപോയിരുന്നതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി ലോറന്‍ നുനെസ് അപകടസ്ഥലത്തെത്തിയതായി ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മരിച്ചവരില്‍ ഭൂരിഭാഗവും നാന്‍സി നഗരത്തില്‍ നിന്നുള്ള സ്വതന്ത്ര നഴ്സുമാരാണെന്നാണ് പ്രാഥമിക വിവരം. ആദ്യമായി സ്‌കൈഡൈവിംഗ് അനുഭവിക്കാനെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്ന് മെര്‍ത്ത്-എ-മൊസെല്‍ മേഖലയിലെ സ്വതന്ത്ര നഴ്സുമാരുടെ സംഘടനാ പ്രസിഡന്റ് തിയറി പെഷെ ഫ്രഞ്ച് വാര്‍ത്താ ചാനലായ ബി എഫ് എം ടി വിയോട് പറഞ്ഞു.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനായി മെഡിക്കല്‍, മാനസികാരോഗ്യ വിദഗ്ധരുടെ പ്രത്യേക സഹായസംഘം സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്. അപകടകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവരുമെന്നും അധികൃതര്‍ അറിയിച്ചു.