ഖത്തറിൽ ഹെലികോപ്റ്റർ അപകടം: ആറുപേർ മരിച്ചു, ഒരാൾ കാണാതായി

ഖത്തറിൽ ഹെലികോപ്റ്റർ അപകടം: ആറുപേർ മരിച്ചു, ഒരാൾ കാണാതായി


ദോഹ: രാജ്യത്തിന്റെ തീര കടലിൽ ഹെലികോപ്റ്റർ തകർന്നുവീണ് ആറുപേർ മരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഴുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ആറുപേരെ കണ്ടെത്തിയെങ്കിലും അവർ മരിച്ച നിലയിലായിരുന്നുവെന്ന് ഞായറാഴ്ച (മാർച്ച് 22) പുറത്തുവിട്ട പ്രസ്താവനയിൽ, അധികൃതർ വ്യക്തമാക്കി. കാണാതായ ഒരാളെ കണ്ടെത്താൻ പ്രത്യേക സംഘം ശക്തമായ തെരച്ചിൽ തുടരുന്നതായും സർക്കാർ അറിയിച്ചു.

സാധാരണയുള്ള പരിശോധനാ പറക്കലിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ കടലിൽ പതിച്ചതാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തെ നിലവിലെ പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധിപ്പിച്ചിട്ടില്ല. മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഖത്തർ സർക്കാർ അനുശോചനം അറിയിച്ചു.
ഇതിനിടെ, പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണ്. അമേരിക്കയും ഇസ്രായേലും ഫെബ്രുവരി 28ന് ഇറാനെതിരെ ആക്രമണം നടത്തിയതോടെയാണ് യുദ്ധത്തിന് തുടക്കമായത്. തുടർന്ന് വിവിധ രാജ്യങ്ങളിലേക്കായി ആക്രമണങ്ങൾ വ്യാപിക്കുകയും സംഘർഷം ശക്തമാവുകയും ചെയ്തിരിക്കുകയാണ്.