'പെൺകുട്ടിയുടെ മൗനം സമ്മതമെന്ന് കണക്കാക്കാം'; ബാലവിവാഹത്തെ നിയമവിധേയമാക്കി താലിബാൻ

'പെൺകുട്ടിയുടെ മൗനം സമ്മതമെന്ന് കണക്കാക്കാം'; ബാലവിവാഹത്തെ നിയമവിധേയമാക്കി താലിബാൻ


കാബൂൾ: അഫ്ഗാനിസ്ഥാനിൽ ബാലവിവാഹത്തെയും സ്ത്രീകളുടെ അവകാശങ്ങളെയും കുറിച്ച് കടുത്ത വിമർശനങ്ങൾക്ക് വഴിവെക്കുന്ന പുതിയ കുടുംബനിയമം താലിബാൻ ഭരണകൂടം നടപ്പാക്കി. വിവാഹം, വിവാഹമോചനം, ബാലവിവാഹം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പുതിയ നിയമത്തിലാണ് 'കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം' എന്ന വിവാദ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്.

താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ദ്‌സാദ അംഗീകരിച്ച 31 വകുപ്പ് അടങ്ങുന്ന നിയമം മെയ് മധ്യത്തിൽ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 'ഭർത്താവും ഭാര്യയും തമ്മിലുള്ള വേർപാടിന്റെ തത്വങ്ങൾ' എന്ന പേരിലുള്ള ഈ നിയമത്തിൽ ബാലവിവാഹം, കാണാതായ ഭർത്താവ്, വ്യഭിചാരാരോപണം, മതപരിവർത്തനം തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ നിയമപ്രകാരം പ്രായപൂർത്തിയായ ശേഷം 'കന്യകയായ പെൺകുട്ടി' വിവാഹ നിർദേശത്തോട് പ്രതികരിക്കാതെ മൗനം പാലിച്ചാൽ അത് സമ്മതമായി കണക്കാക്കാം. എന്നാൽ ആൺകുട്ടിയുടെയോ മുൻപ് വിവാഹിതയായ സ്ത്രീയുടെയോ മൗനം സമ്മതമായി പരിഗണിക്കില്ലെന്നും നിയമത്തിൽ പറയുന്നു.

കൂടാതെ, പിതാവോ പിതാമഹനോ അല്ലാത്ത ബന്ധുക്കൾ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവാഹം നിശ്ചയിച്ചാലും അത് നിയമപരമായി സാധുവായിരിക്കാമെന്നാണ് വ്യവസ്ഥ. എന്നാൽ പിന്നീട് വിവാഹം റദ്ദാക്കണമെങ്കിൽ താലിബാൻ കോടതിയുടെ അനുമതി ആവശ്യമാണ്.

വിവാഹത്തിൽ പങ്കാളി 'സാമൂഹികമായി യോജിച്ച ആളല്ല' എന്നും സ്ത്രീക്ക് ലഭിക്കുന്ന മഹർ അനീതിയാണെന്നും കണ്ടെത്തിയാൽ വിവാഹം അസാധുവാകാമെന്നും നിയമത്തിൽ പറയുന്നു. അതേസമയം, കുട്ടികളുടെ വിവാഹകാര്യങ്ങളിൽ പിതാക്കൾക്കും പിതാമഹൻമാർക്കും വ്യാപക അധികാരമാണ് നൽകപ്പെട്ടിരിക്കുന്നത്.

വ്യഭിചാരം, മതപരിവർത്തനം, ഭർത്താവിന്റെ ദീർഘകാല അഭാവം തുടങ്ങിയ വിഷയങ്ങളിലുള്ള തർക്കങ്ങളിൽ താലിബാൻ ജഡ്ജിമാർക്ക് ഇടപെടാനും വേർപെടൽ, തടവ്, ശിക്ഷ എന്നിവ നിർദേശിക്കാനും അധികാരം നൽകിയിട്ടുണ്ട്.

2021ൽ അധികാരത്തിലെത്തിയതിന് ശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ താലിബാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടികൾക്ക് ആറാം ക്ലാസിന് മുകളിലുള്ള പഠനം നിരോധിച്ചിട്ടുണ്ട്. സർവകലാശാല പ്രവേശനവും തൊഴിലും യാത്രയും പൊതുപ്രവർത്തനങ്ങളിലും സ്ത്രീകൾക്ക് കർശന വിലക്കുകളാണ് നിലവിലുള്ളത്.

താലിബാന്റെ ഈ നയങ്ങളെ അന്താരാഷ്ട്ര സംഘടനകൾ 'ലിംഗവിവേചന അധിനിവേശം' എന്നാണു വിശേഷിപ്പിക്കുന്നത്.