അഴിമതി കേസുകള്‍: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവ്

അഴിമതി കേസുകള്‍: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവ്


ധാക്ക: അഴിമതി കേസുകളില്‍ ബംഗ്ലാദേശിന്റെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ധാക്ക പ്രത്യേക കോടതി 21 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സര്‍ക്കാര്‍ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്ന മൂന്ന് വ്യത്യസ്ത കേസുകളിലാണ് ഓരോന്നിലും ഏഴ് വര്‍ഷം വീതം തടവ് ശിക്ഷ നല്‍കിയത്. പ്രത്യേക കോടതി-    5 ജഡ്ജി മുഹമ്മദ് അബ്ദുല്ല അല്‍ മാമൂനാണ് വിധി പ്രസ്താവിച്ചത്. ധാക്കയിലെ പുര്ബാചല്‍ മേഖലയിലെ സര്‍ക്കാര്‍ പ്ലോട്ടുകള്‍ ഹസീനയും കുടുംബാംഗങ്ങളും അനധികൃതമായി കൈവശപ്പെടുത്തിയെന്നതാണ് കേസുകളുടെ ആധാരം. ഇതുമായി ബന്ധപ്പെട്ട ശേഷിച്ച മൂന്ന് കേസുകളിലെ വിധി ഡിസംബര്‍ ഒന്നിന് പ്രഖ്യാപിക്കും.

ഹസീനയുടെ മകന്‍ സജീബ് വാജെദ് ജോയിക്കും അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം ടാക പിഴയും കോടതി വിധിച്ചു. മകള്‍ സൈമ വാജെദ് പുതുലിനും അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. ഈ വര്‍ഷം ജനുവരിയില്‍ ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷന്‍ (എ സി സി) ആരംഭിച്ച വ്യാപക അന്വേഷണത്തിന്റെ ഭാഗമായാണ് കേസുകള്‍. എന്നാല്‍ ആരോപണങ്ങള്‍ മുഴുവന്‍ ഹസീനയും കുടുംബവും നിഷേധിച്ചിട്ടുണ്ട്.

ഇതിനിടെ, 2024 ജൂലൈയില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തിയ കേസില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കുറ്റക്കാരിയെന്ന് കണ്ടെത്തി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐ സി ടി) ഹസീനയ്ക്ക് മരണശിക്ഷ വിധിച്ചിരുന്നു. ഈ കേസുകളിലും ഹസീന കുടുംബത്തെ പ്രതിനിധീകരിച്ച് അഭിഭാഷകര്‍ ഹാജരായിട്ടില്ല. പ്രക്ഷോഭങ്ങള്‍ക്കുശേഷം കുടുംബാംഗങ്ങള്‍ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്.

ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ഔപചാരിക ആവശ്യം ഇന്ത്യ പരിശോധിച്ചു വരികയാണ്. അപേക്ഷ ലഭിച്ചെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബംഗ്ലാദേശിലെ സ്ഥിരതയും ജനങ്ങളുടെ നന്മയും ഉറപ്പാക്കുന്നതില്‍ ഇന്ത്യ പ്രതിബദ്ധമാണെന്നും നിയമനടപടികളില്‍ എല്ലാ കക്ഷികളുമായും സഹകരണം തുടരുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

2024 ജൂലൈയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ ഓഗസ്റ്റ് അഞ്ചിനാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ അഭയം തേടിയത്. തുടര്‍ന്ന് നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റു.