ഷെഹ്ബാസ് ഷരീഫും അസിം മുനീറും യു എന്നില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും

ഷെഹ്ബാസ് ഷരീഫും അസിം മുനീറും യു എന്നില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും


ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയോടനുബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണാന്‍ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നു. മെയ് മാസത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുപിന്നാലെ മുനീര്‍ നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. വൈറ്റ് ഹൗസില്‍ ട്രംപിനൊപ്പം ഉച്ചഭക്ഷണ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. യു എസുമായി അടുക്കാന്‍ പാകിസ്ഥാന്‍ നടത്തുന്ന ശ്രമത്തില്‍ മൂന്ന് മാസത്തിനിടെ മുനീറിന്റെ മൂന്നാമത്തെ യു എസ് സന്ദര്‍ശനമാണിത്. ഇന്ത്യ- പാകിസ്ഥാന്‍ ബന്ധങ്ങള്‍, പാകിസ്ഥാനിലെ വിനാശകരമായ വെള്ളപ്പൊക്കം, ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവ പാകിസ്ഥാന്‍- യു എസ് ചര്‍ച്ചകളില്‍ ഉള്‍പ്പെടുമെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഖത്തറിന്റെയും സൗദി അറേബ്യയുടെയും കൂടിയാലോചനയും പിന്തുണയും ഉപയോഗിച്ചാണ് ഈ ആശയവിനിമയം സാധ്യമാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. വരാനിരിക്കുന്ന കൂടിക്കാഴ്ച വൈറ്റ് ഹൗസോ പാകിസ്ഥാന്‍ സര്‍ക്കാരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഓഗസ്റ്റില്‍ മുനീറിന്റെ യു എസ് സന്ദര്‍ശന വേളയില്‍ അദ്ദേഹം ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി പുറപ്പെടുവിച്ചിരുന്നു. അതിനെ ന്യൂഡല്‍ഹി അപലപിക്കുകയും ചെയ്തു. 'സൗഹൃദ രാഷ്ട്രമായ' അമേരിക്കയുടെ മണ്ണില്‍ നിന്നാണ് ഭീഷണി ഉയര്‍ന്നത് എന്നതില്‍ ഇന്ത്യന്‍ സര്‍ക്കാരും നിരാശ പ്രകടിപ്പിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം സിന്ധു നദീജല കരാറില്‍ ഇന്ത്യ സ്വീകരിച്ച നടപടിയെക്കുറിച്ചും മുനീര്‍ ആരോപണം ഉന്നയിച്ചു. ന്യൂഡല്‍ഹി സിന്ധു നദീജലത്തില്‍ നിര്‍മിക്കുന്ന ഏതൊരു അണക്കെട്ടും തന്റെ രാജ്യം ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെരീഫ് ഇന്ത്യയ്ക്കെതിരെ മറ്റൊരു ഭീഷണി മുഴക്കിയത് സിന്ധു നദീജല കരാര്‍ നിര്‍ത്തുന്നത് തുടര്‍ന്നാല്‍ 'ശത്രു'വിനെ 'ഒരു പാഠം പഠിപ്പിക്കും' എന്നായിരുന്നു. മുന്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും ഈ കൂട്ടുകെട്ടില്‍ ചേര്‍ന്നു. ഇന്ത്യ സിന്ധു നദീജല കരാര്‍ താത്ക്കാലികമായി നിര്‍ത്തിവച്ചത് തുടര്‍ന്നാല്‍ പാകിസ്ഥാനികള്‍ 'കുനിയില്ലെന്നും അവര്‍ നേരിടുമെന്നും' പ്രസ്താവിച്ചു. ട്രംപിന്റെ കീഴില്‍ അമേരിക്കയുമായി സഹകരിക്കുമ്പോള്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമമായാണ് ഈ പ്രസ്താവനകളെ കാണുന്നത്.

അതേസമയം, ന്യൂഡല്‍ഹി വ്യാപാര കരാര്‍ ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യു എസ് പാകിസ്താനെ അനുകൂലിക്കുകയും ഇന്ത്യക്കെതിരെ ട്രംപ് 50 ശതമാനം തീരുവ ചുമത്തുകയും ചെയ്തു. മുനീറിന്റെ നിര്‍ബന്ധപ്രകാരം പാകിസ്ഥാന്‍ യു എസ് പ്രസിഡന്റിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു.

ഇന്ത്യയുമായും പാകിസ്താനുമായും അമേരിക്കയുടെ ബന്ധം മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ഇക്കാര്യത്തിലെ ഇന്ത്യയുടെ ആശങ്കകള്‍ ലഘൂകരിക്കുന്നതിന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞത്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള മുനീറിന്റെ കൂടിക്കാഴ്ച യു എസ്- ഇന്ത്യ ബന്ധങ്ങളെ ബാധിക്കുമോ അതോ പാകിസ്ഥാനിലേക്കുള്ള ആയുധ വില്‍പ്പന വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കുമോ എന്ന ചോദ്യത്തിന് ബ്രൂസ് ആശങ്കകള്‍ തള്ളിക്കളഞ്ഞു, യു എസ് ഇരു രാജ്യങ്ങളുമായും തുല്യമായി ഇടപഴകുന്നുണ്ടെന്നാണ് പറഞ്ഞത്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ അത് വളരെ ഭയാനകമായ ഒന്നായി വളരുമായിരുന്ന ഒരു അനുഭവം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ ഇടപെടല്‍ നടത്തുന്നുണ്ടായിരുന്നുവെന്ന് മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മുന്‍കാല സംഘര്‍ഷങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ബ്രൂസ് പറഞ്ഞു.