ഇസ്ലാമാബാദ്: ദീപാവലി നാളില്‍ തന്റെ രാജ്യത്തെ ഹിന്ദു ജനതയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദീപാവലി ആശംസകള്‍ നേര്‍ന്നു. ദീപാവലി ദിനത്തിന്റെ വെളിച്ചത്താല്‍ വീടുകളും ഹൃദയങ്ങളും പ്രകാശിതമാകുമ്പോള്‍ ഈ ഉത്സവം ഇരുട്ടിനെ അകറ്റുകയും ഐക്യം വളര്‍ത്തുകയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും സമൃദ്ധിയുടെയും ഭാവിയിലേക്ക് നമ്മളെയെല്ലാം നയിക്കുകയും ചെയ്യട്ടെയെന്ന് ഷെരീഫ് എക്‌സില്‍ എഴുതി.
ഇരുട്ടിനു മുകളില്‍ വെളിച്ചവും തിന്മയ്ക്കു മുകളില്‍ നന്മയും നിരാശയ്ക്കു മുകളില്‍ പ്രത്യാശയും ഉള്‍ക്കൊള്ളുന്ന ദീപാവലിയുടെ ആത്മാവ് അസഹിഷ്ണുത മുതല്‍ അസമത്വം വരെയുള്ള നമ്മുടെ സമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ മറികടക്കാനുള്ള കൂട്ടായ ദൃഢനിശ്ചയത്തെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീപാവലി ഇരുട്ടിനു മുകളില്‍ വെളിച്ചത്തിന്റെയും തിന്മയ്ക്കു മുകളില്‍ നന്മയുടെയും വിജയത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു.
റേഡിയോ പാകിസ്ഥാന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളും പൂര്‍ണ്ണ മതസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നുവെന്ന് സര്‍ദാരി അഭിപ്രായപ്പെട്ടു.