അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വായു ചോര്‍ച്ച രൂക്ഷം; ജാഗ്രതാ നിര്‍ദേശം നല്‍കി നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വായു ചോര്‍ച്ച രൂക്ഷം; ജാഗ്രതാ നിര്‍ദേശം നല്‍കി നാസ


വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ എസ് എസ്) വര്‍ഷങ്ങളായി തുടരുന്ന വായു ചോര്‍ച്ച കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് മാറിയതോടെ ബഹിരാകാശ യാത്രികരോട് സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ അടിയന്തര ഒഴിപ്പിക്കലിന് തയ്യാറെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ബഹിരാകാശ നിലയത്തിന്റെ റഷ്യന്‍ വിഭാഗത്തിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനായി റഷ്യന്‍ കോസ്‌മോനോട്ട് അറ്റകുറ്റപ്പണി നടത്തുകയാണെന്ന് നാസ അറിയിച്ചു.

റഷ്യന്‍ സേവന മൊഡ്യൂളായ 'സ്വെസ്ദ'യുമായി ബന്ധിപ്പിച്ചിരിക്കുന്ന 'പിആര്‍കെ' എന്ന ചെറിയ ട്രാന്‍സ്ഫര്‍ ടണലിലാണ് ചോര്‍ച്ചയുള്ളത്. റഷ്യന്‍ പ്രോഗ്രസ് ചരക്ക് ബഹിരാകാശ പേടകങ്ങള്‍ ഡോക്ക് ചെയ്യുന്ന ഭാഗവുമായി ഈ ടണല്‍ ബന്ധിപ്പിച്ചിരിക്കുന്നു.

അഞ്ച് വര്‍ഷത്തിലേറെയായി തുടരുന്ന ഈ പ്രശ്‌നത്തിന് കാരണം ബഹിരാകാശ നിലയത്തിന്റെ പുറംഘടനയിലും വെല്‍ഡിങ് ജോയിന്റുകളിലുമുണ്ടായ സൂക്ഷ്മ വിള്ളലുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിആര്‍കെ ട്രാന്‍സ്ഫര്‍ ടണലില്‍ ഏറെക്കാലമായി വിള്ളലുകളും വായു ചോര്‍ച്ചയും നിലനില്‍ക്കുകയാണെന്നും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് ഇതുവരെ കഴിയുന്നത്ര പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നാസ വക്താവ് ബെഥനി സ്റ്റീവന്‍സ് സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു. 

വിള്ളലുകളുടെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ നാസയും റോസ്‌കോസ്‌മോസും സംയുക്തമായി ശ്രമിച്ചുവരികയാണെന്നും പ്രശ്‌നം നിയന്ത്രിക്കുന്നതിനായി ഇടക്കിടെ അറ്റകുറ്റപ്പണികളും മറ്റ് സുരക്ഷാ നടപടികളും നടപ്പാക്കിവരികയാണെന്നും അവര്‍ വ്യക്തമാക്കി.

പുതിയ ചോര്‍ച്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ 5-ന് കൂടുതല്‍ വിപുലമായ അറ്റകുറ്റപ്പണി ആരംഭിച്ചതായി ബെഥനി സ്റ്റീവന്‍സ് അറിയിച്ചു.

ജാഗ്രതയുടെ ഭാഗമായി നാസയുടെ സ്‌പേസ് എക്സ് ക്രൂ-12 സംഘത്തിലെ നാല് അംഗങ്ങളോടും നാസ ബഹിരാകാശ യാത്രികനായ ക്രിസ് വില്യംസിനോടും ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിനുള്ളില്‍ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളോടെ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

സ്ഥിതി കൂടുതല്‍ വഷളായാല്‍ ബഹിരാകാശ യാത്രികരെ ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടായേക്കും. അങ്ങനെ സംഭവിച്ചാല്‍ ഈ വര്‍ഷം ഐ എസ് എസില്‍ നിന്ന് നടക്കുന്ന രണ്ടാമത്തെ ഒഴിപ്പിക്കലായിരിക്കും അത്.

ജനുവരിയില്‍ നാസയുടെ മുതിര്‍ന്ന ബഹിരാകാശ യാത്രികനായ മൈക്ക് ഫിന്‍കെയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഐ എസ് എസിന്റെ ചരിത്രത്തിലെ ആദ്യ മെഡിക്കല്‍ അടിയന്തര ഒഴിപ്പിക്കല്‍ നടന്നിരുന്നു.

വായു ചോര്‍ച്ചയുടെ യഥാര്‍ഥ കാരണത്തെക്കുറിച്ച് നാസയും റോസ്‌കോസ്‌മോസും തമ്മില്‍ ദീര്‍ഘകാലമായി അഭിപ്രായവ്യത്യാസമുണ്ട്.

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വിലയിരുത്തല്‍ പ്രകാരം ചരക്ക് പേടകങ്ങളുടെ ഡോക്കിങ് പ്രവര്‍ത്തനങ്ങളും ത്രസ്റ്റര്‍ എന്‍ജിനുകളുടെ പ്രവര്‍ത്തനവും മൂലമുണ്ടാകുന്ന സൂക്ഷ്മ കമ്പനങ്ങള്‍ ഘടനാപരമായ മാറ്റത്തിന് കാരണമായതോടെയാണ് വിള്ളലുകള്‍ രൂപപ്പെട്ടത്.

അതേസമയം, ബഹിരാകാശ പരിസ്ഥിതിയുടെ ദീര്‍ഘകാല സ്വാധീനം, യാന്ത്രിക സമ്മര്‍ദങ്ങള്‍, നിര്‍മാണ സാമഗ്രികളുടെ സ്വഭാവസവിശേഷതകള്‍ എന്നിവയുടെ സംയുക്ത ഫലമായിരിക്കാം പ്രശ്‌നമെന്നാണ് നാസയുടെ നിഗമനം.

ബഹിരാകാശ നിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ഈ ചോര്‍ച്ച ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും നിലവില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും നാസ അറിയിച്ചു.