ജപ്പാനിൽ ശക്തമായ ഭൂചലനം; ഷോപ്പിങ് മാളിൽ നിരവധി പേർ കുടുങ്ങിയതായി റിപ്പോർട്ട്, മരണഭീതി

ജപ്പാനിൽ ശക്തമായ ഭൂചലനം; ഷോപ്പിങ് മാളിൽ നിരവധി പേർ കുടുങ്ങിയതായി റിപ്പോർട്ട്, മരണഭീതി


ടോക്കിയോ: ജപ്പാന്റെ തെക്കൻ ദ്വീപായ ക്യൂഷുവിലെ കുമമോട്ടോ പ്രവിശ്യയിൽ ചൊവ്വാഴ്ച ഉണ്ടായ ശക്തമായ 7.1 തീവ്രതയുള്ള ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. ഭൂചലനത്തെ തുടർന്ന് ഷോപ്പിങ് മാളിന്റെ ഒരു ഭാഗം തകർന്നുവീണ് നിരവധി പേർ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. മാളിലുണ്ടായ സ്‌ഫോടനത്തിൽ മരണങ്ങൾ സംഭവിച്ചിരിക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണപരിക്ക് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 

കുമമോട്ടോ പ്രവിശ്യയിലെ കാഷിമ പട്ടണത്തിലുള്ള എയോൺ ഷോപ്പിങ് മാളിനാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഭൂചലനത്തിന് പിന്നാലെ മാളിൽ സ്‌ഫോടനമുണ്ടായതായും തുടർന്ന് കെട്ടിടത്തിന്റെ ഭാഗം തകർന്നുവീണതായും ജപ്പാനിലെ പൊതുപ്രക്ഷേപണ സ്ഥാപനമായ എൻഎച്ച്‌കെ റിപ്പോർട്ട് ചെയ്തു. നിരവധി ജീവനക്കാരെ കാണാതായതായും അഗ്‌നിരക്ഷാസേന തിരച്ചിൽ ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. 

ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായും ചിലയിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടുകയും തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതായി ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചി അറിയിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു.

ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും കടലിൽ അപകടസാധ്യത ഇല്ലെന്ന് വിലയിരുത്തിയതിനെ തുടർന്ന് പിന്നീട് അത് പിൻവലിച്ചു. നിലവിൽ സുനാമി ഭീഷണിയില്ലെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. 

ഭൂചലനത്തെ തുടർന്ന് റെയിൽ, വിമാന ഗതാഗതവും വിവിധ വ്യവസായ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളും തടസപ്പെട്ടു. ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

ലോകത്ത് ഏറ്റവും കൂടുതൽ ഭൂചലനങ്ങൾ അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. പ്രതിവർഷം ഏകദേശം 1,500 ഭൂചലനങ്ങളാണ് ഇവിടെ രേഖപ്പെടുത്തുന്നത്. 2016ൽ ഇതേ കുമമോട്ടോ മേഖലയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നൂറുകണക്കിന് ആളുകൾ മരിക്കുകയും വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.