ബീജിംഗ്: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് സേവനഫീസ് ഈടാക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. അതേസമയം, പ്രതിസന്ധി ഘട്ടങ്ങളില്‍ ഇറാനെ പിന്തുണച്ച സൗഹൃദ രാജ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ഇറാന്‍ അറിയിച്ചു.
ജലപാതയിലൂടെ സുരക്ഷിതമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കല്‍, കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കല്‍, കനത്ത സമുദ്രഗതാഗതം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കായിരിക്കും ഫീസ് ഈടാക്കുകയെന്ന് ഇറാന്‍ വ്യക്തമാക്കി.
ബീജിങില്‍ നടന്ന വേള്‍ഡ് പീസ് ഫോറത്തില്‍ സംസാരിക്കവെ ഇറാന്‍ സ്ഥാനപതി അബ്ദോല്‍റേസ റഹ്മാനി ഫസ്ലിയാണ് ഇക്കാര്യം അറിയിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത നിയന്ത്രണത്തിനായി ഒമാനുമായി പുതിയ ക്രമീകരണങ്ങള്‍ രൂപപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്നതിന് ഇറാന്‍ കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.
സമീപകാലത്ത് ഇറാനും അമേരിക്കയും തമ്മിലുണ്ടായ സംഘര്‍ഷത്തിന് വിരാമമായതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടായ ധാരണപ്രകാരം, വാണിജ്യ കപ്പലുകള്‍ക്ക് 60 ദിവസത്തേക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ ഫീസ് നല്‍കാതെ സഞ്ചരിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ താത്ക്കാലിക ക്രമീകരണത്തിന്റെ കാലാവധി അവസാനിച്ചതിന് ശേഷം ഏത് സംവിധാനമാണ് നിലവില്‍ വരിക എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
ഹോര്‍മുസ് കടലിടുക്കിന്റെ ഭാഗം ഇറാന്റെ പ്രാദേശിക സമുദ്രപരിധിക്കുള്ളിലായതിനാല്‍ സേവനഫീസ് ഈടാക്കുന്നത് സ്വാഭാവികമാണെന്നും അതിനെ ടോള്‍ ഫീസായി കാണരുതെന്നും ഫസ്ലി പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളില്‍ ഇറാനെ പിന്തുണച്ചതും സൗഹൃദപരമായ നിലപാട് സ്വീകരിച്ചതുമായ രാജ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
