വാഷിംഗ്ടണ്‍: വെനസ്വേലയില്‍ അമേരിക്കയ്ക്ക് കൂടുതല്‍ സൈനിക നടപടി സ്വീകരിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് അനുമതി തേടണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയ യുദ്ധാധികാര പ്രമേയം അമേരിക്കന്‍ സെനറ്റില്‍ പരാജയപ്പെട്ടു. വോട്ടെടുപ്പില്‍ 50-50 എന്ന സമനില ഉണ്ടായതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ടൈബ്രേക്കിങ് വോട്ട് നല്‍കി പ്രമേയം തള്ളുകയായിരുന്നു. ഇതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കോണ്‍ഗ്രസ് മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ വെനസ്വേലയുമായി ബന്ധപ്പെട്ട സൈനിക തീരുമാനങ്ങള്‍ എടുക്കാനുള്ള വഴിയാണ് തുറന്നത്.
കഴിഞ്ഞ ആഴ്ച ഈ പ്രമേയം മുന്നോട്ട് പോകാന്‍ സഹായിച്ചിരുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ജോഷ് ഹോളിയും ടോഡ് യംഗും അവസാന നിമിഷം നിലപാട് മാറ്റി ട്രംപ് ഭരണകൂടത്തെ പിന്തുണച്ചു. വെനസ്വേലയില്‍ ഇപ്പോള്‍ അമേരിക്കന്‍ സൈന്യം ഇല്ലെന്നും, ഭാവിയില്‍ വലിയ സൈനിക നടപടി വേണ്ടിവന്നാല്‍ കോണ്‍ഗ്രസ് അനുമതി തേടുമെന്നും വിദേശകാര്യ മന്ത്രി മാര്‍ക്കോ റൂബിയോയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി യംഗ് അറിയിച്ചു. ഈ ഉറപ്പുകളെ തുടര്‍ന്നാണ് തങ്ങള്‍ നിലപാട് മാറ്റിയതെന്ന് ഇരുവരും പറഞ്ഞു.
അതേസമയം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ റാന്‍ഡ് പോള്‍, ലിസ മര്‍കൗസ്‌കി, സൂസന്‍ കോളിന്‍സ് എന്നിവര്‍ ഡെമോക്രാറ്റുകളോടൊപ്പം പ്രമേയത്തെ പിന്തുണച്ചു. ട്രംപ് ഇതിനകം തന്നെ യുദ്ധനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന നിലപാടിലാണ് റാന്‍ഡ് പോള്‍ പ്രതികരിച്ചത്. 'എല്ലാവരും മരിച്ചശേഷം മാത്രമാണോ യുദ്ധം ആണെന്ന് തിരിച്ചറിയുക? ' എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
പ്രമേയം പരാജയപ്പെട്ടതോടെ ട്രംപ് ഭരണകൂടത്തിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചതായി ഡെമോക്രാറ്റുകള്‍ ആരോപിച്ചു. 'ഈ വോട്ട് കാര്യങ്ങളെ കൂടുതല്‍ അപകടകരമാക്കും. ഇത് ട്രംപിനെ കൂടുതല്‍ അഴുക്കുള്ള വഴിയിലേക്ക് പ്രോത്സാഹിപ്പിക്കുകയാണ് എന്ന് സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമര്‍ പറഞ്ഞു.
വെനസ്വേല വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സൈനിക അധികാരങ്ങളെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും, ഈ വോട്ടെടുപ്പോടെ ആ ശ്രമം താല്‍ക്കാലികമായി പരാജയപ്പെട്ടിരിക്കുകയാണ്.
ജെ.ഡി. വാന്‍സ് ടൈബ്രേക്കിങ് വോട്ട് നല്‍കി: വെനസ്വേല സൈനിക നീക്കത്തില്‍ ട്രംപിനെ നിയന്ത്രിക്കാനുള്ള പ്രമേയം സെനറ്റില്‍ തോറ്റു
