ഇസ്ലാമാബാദ്: ജീവനക്കാരുടെ സുരക്ഷയും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും മുന്‍നിര്‍ത്തി പാകിസ്ഥാനിലെ പെഷാവറിലുള്ള യു എസ് കോണ്‍സുലേറ്റ് ജനറല്‍ ഔദ്യോഗികമായി അടച്ചതായി അമേരിക്ക പ്രഖ്യാപിച്ചു. ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയുമായി ബന്ധപ്പെട്ട നയതന്ത്ര ചുമതലകള്‍ ഇനി മുതല്‍ ഇസ്ലാമാബാദിലെ യു എസ് എംബസിയാണ് നിര്‍വഹിക്കുക.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിഭവങ്ങളുടെ മികച്ച വിനിയോഗത്തിനുമായി പെഷാവര്‍ കോണ്‍സുലേറ്റ് ഘട്ടംഘട്ടമായി അടയ്ക്കുമെന്ന് മെയ് 6-ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോണ്‍സുലേറ്റ് ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
പെഷാവറിലെ ഭൗതിക സാന്നിധ്യം അവസാനിപ്പിച്ചെങ്കിലും ഖൈബര്‍ പഖ്തൂന്‍ഖ്വയുമായുള്ള അമേരിക്കയുടെ നയതന്ത്ര ഇടപെടലുകള്‍ ഇസ്ലാമാബാദിലെ എംബസിയിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും തുടരുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
ഈ നടപടി പാകിസ്ഥാനുമായുള്ള അമേരിക്കയുടെ നയപരമായ മുന്‍ഗണനകളില്‍ മാറ്റമുണ്ടെന്നതിന്റെ സൂചനയല്ലെന്നും വകുപ്പ് വ്യക്തമാക്കി.
മാര്‍ച്ച് ഒന്നിന് യു എസ്- ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനേയി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. കറാച്ചിയിലെ യു എസ് കോണ്‍സുലേറ്റിന് സമീപം പ്രതിഷേധക്കാരും പാകിസ്ഥാന്‍ സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി ലാഹോറിലെയും കറാച്ചിയിലെയും യു എസ് കോണ്‍സുലേറ്റുകളില്‍ ജോലി ചെയ്യുന്ന അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും പാകിസ്ഥാന്‍ വിട്ടുപോകാന്‍ യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കി.
ഇതിന് മുമ്പ് ഇറാനില്‍ നിന്ന് ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച യു എസ്- ഇറാന്‍ സംഘര്‍ഷം വാണിജ്യ വിമാന സര്‍വീസുകളെയും ബാധിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാനിലുടനീളം തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മറ്റൊരു യാത്രാ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ബലൂചിസ്ഥാനും ഖൈബര്‍ പഖ്തൂന്‍ഖ്വയിലും മുന്‍ ഫെഡറലി അഡ്മിനിസ്റ്റേഡ് ട്രൈബല്‍ ഏരിയകളിലും തീവ്രവാദ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും കറാച്ചി, ഇസ്ലാമാബാദ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
