സിറിയയിൽ രഹസ്യ ആണവ പദ്ധതിയുടെ സൂചന; ആണവ നിരീക്ഷണ ഏജൻസി 73 ടൺ യുറേനിയം കണ്ടെത്തി

സിറിയയിൽ രഹസ്യ ആണവ പദ്ധതിയുടെ സൂചന; ആണവ നിരീക്ഷണ ഏജൻസി 73 ടൺ യുറേനിയം കണ്ടെത്തി


വിയന്ന: മുൻ പ്രസിഡന്റ് ബഷർ അൽ അസദിന്റെ ഭരണകാലത്ത് സിറിയയിൽ രഹസ്യമായി ആണവ പദ്ധതി നടത്തിയിരുന്നെന്ന ഗുരുതര സൂചനകൾ പുറത്തുവിട്ട് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA). ആയുധനിർമാണത്തിന് ആവശ്യമായ ഫിഷൈൽ വസ്തു ഉൽപാദിപ്പിക്കാൻ ശേഷിയുള്ള തരത്തിലുള്ള ആണവ റിയാക്ടറാണ് രഹസ്യമായി നിർമിച്ചിരുന്നതെന്ന് ഐഎഇഎ മേധാവി റാഫേൽ ഗ്രോസ്സി വ്യക്തമാക്കി.

കഴിഞ്ഞ മാസം ഐഎഇഎ  സംഘം സിറിയയിലെ രണ്ട് കേന്ദ്രങ്ങളിൽ പരശോധന നടത്തിയിരുന്നു. കിഴക്കൻ ദെയർ അസ്‌സോർ മേഖലയിലെ മുൻപ് സംശയിക്കപ്പെട്ടിരുന്ന കേന്ദ്രത്തിനുപുറമെ സിറിയൻ അധികൃതർ ചൂണ്ടിക്കാട്ടിയ മറ്റൊരു രഹസ്യ കേന്ദ്രവും സംഘം പരശോധിച്ചു.

റിയാക്ടറിന്റെ സാങ്കേതിക ഘടനയും സംവിധാനങ്ങളും പരശോധിച്ചപ്പോൾ ആണവായുധ നിർമാണത്തിന് ഉപയോഗിക്കാവുന്ന ഫിഷൈൽ വസ്തു ഉൽപാദിപ്പിക്കാൻ വളരെ കാര്യക്ഷമമായ റിയാക്ടറായിരിക്കാമെന്നാണ് കണ്ടെത്തിയതെന്ന് ഗ്രോസ്സി പറഞ്ഞു. മുൻ സിറിയൻ ഭരണകൂടം നിരവധി രഹസ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്നും തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ലോകം അറിയരുതെന്ന നിലപാടിലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഉത്തരകൊറിയയുമായുള്ള ബന്ധവും ഇസ്രയേൽ ആക്രമണവും

സിറിയയുടെ രഹസ്യ ആണവ പദ്ധതിയുമായി ഉത്തരകൊറിയക്ക് ബന്ധമുണ്ടായിരുന്നെന്ന ആരോപണം നേരത്തെയും ഉയർന്നിരുന്നു. ദെയർ അസ്‌സോറിൽ ഉത്തരകൊറിയയുടെ സഹായത്തോടെ ആണവ റിയാക്ടർ നിർമിച്ചിരുന്നുവെന്നാണ് ആരോപണം.

2007ൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഈ കേന്ദ്രം തകർത്തതെന്ന് പിന്നീട് ഇസ്രയേൽ സ്ഥിരീകരിച്ചു. 2008ൽ അമേരിക്കയും സിറിയ രഹസ്യമായി ആണവ റിയാക്ടർ നിർമിക്കാൻ ശ്രമിച്ചിരുന്നതായി ആരോപിച്ചിരുന്നു.

എന്നാൽ ഇപ്പോഴത്തെ ഐഎഇഎ പരിശോധനകൾ ഈ വിഷയത്തിൽ പുതിയ തെളിവുകളാണ് മുന്നോട്ടുവയ്ക്കുന്നത്. റിയാക്ടറിന്റെ ശീതീകരണ സംവിധാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് അവിടെ ആണവ റിയാക്ടർ പ്രവർത്തനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യമുണ്ടായിരുന്നുവെന്ന നിഗമനത്തെ ശക്തിപ്പെടുത്തുന്നതായി ഗ്രോസ്സി പറഞ്ഞു.

73 ടൺ യുറേനിയം എങ്ങനെ എത്തി?

ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലാണ് മറ്റൊരു രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ഏകദേശം 73 ടൺ പ്രകൃതിദത്ത യുറേനിയം ലോഹം.

ഐഎഇഎയുടെ പരശോധനയിൽ 'ലോഹ കവചത്തോടുകൂടിയ ഇന്ധനദണ്ഡുകളുടെ രൂപത്തിലാണ് യുറേനിയം കണ്ടെത്തിയത്.' മതിലുകൾ പൊളിച്ചും വളരെ ഇടുങ്ങിയ വഴികളിലൂടെ കടന്നുമാണ് പരശോധനാ സംഘം ഒളിപ്പിച്ചുവെച്ചിരുന്ന ആണവ വസ്തുവിലെത്തിയത്.

ഇപ്പോൾ ഈ യുറേനിയം ഐഎഇഎയുടെ സുരക്ഷാ മേൽനോട്ടത്തിലാണ്. കേന്ദ്രത്തിൽ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചതായി ഗ്രോസ്സി അറിയിച്ചു. അതിനാൽ വസ്തുവിന്റെ സ്ഥാനം സംബന്ധിച്ച വിവരങ്ങൾ തുടർച്ചയായി നിരീക്ഷിക്കാൻ ഏജൻസിക്ക് കഴിയും.

ഇനി എന്ത് സംഭവിക്കും?

യുറേനിയം സിറിയയിൽ തന്നെ സൂക്ഷിക്കണമോ മറ്റൊരു രാജ്യത്തേക്ക് മാറ്റണമോ എന്നത് സിറിയൻ സർക്കാരാണ് തീരുമാനക്കേണ്ടതെന്ന് ഐഎഇഎ വ്യക്തമാക്കി. എന്നാൽ ആണവ വസ്തുവിന്റെ ഓരോ ഗ്രാം എവിടെയാണെന്ന് കൃത്യമായി അറിയുക എന്നതാണ് ഏജൻസിയുടെ പ്രധാന ലക്ഷ്യം.

സുരക്ഷിതമായി മാറ്റാൻ കഴിയുന്ന ഘട്ടത്തിലെത്തിയാൽ, യുറേനിയം പ്രത്യേക സുരക്ഷാ കണ്ടെയ്‌നറുകളിൽ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോയി കൂടുതൽ സ്ഥിരതയുള്ളതും ആണവോർജ മേഖലയിൽ ഉപയോഗിക്കാവുന്നതുമായ രൂപത്തിലേക്ക് മാറ്റാമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

ആണവ വ്യാപന ആശങ്ക വീണ്ടും

സിറിയയിലെ കണ്ടെത്തലുകൾ മധ്യപൂർവദേശത്തെ ആണവ വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വീണ്ടും ശക്തി പകരുന്നതാണ്. ഒരു രാജ്യം രഹസ്യമായി ആണവ റിയാക്ടർ നിർമിക്കുകയും ആണവ വസ്തുക്കൾ പ്രഖ്യാപിക്കാതെ സൂക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ അത് അന്താരാഷ്ട്ര ആണവ സുരക്ഷാ സംവിധാനത്തിന് വലിയ വെല്ലുവിളിയാണ്.

അതേസമയം, സിറിയ ആണവായുധം നിർമിച്ചുവെന്ന അന്തിമ നിഗമനമല്ല ഇപ്പോഴത്തെ കണ്ടെത്തലുകൾ. എന്നാൽ ആയുധനിർമാണത്തിന് ഉപയോഗിക്കാവുന്ന ഫിഷൈൽ വസ്തു ഉൽപാദിപ്പിക്കാൻ ശേഷിയുള്ള റിയാക്ടർ രഹസ്യമായി നിർമിച്ചിരുന്നതായുള്ള ഐഎഇഎയുടെ വിലയിരുത്തലും 73 ടൺ യുറേനിയത്തിന്റെ കണ്ടെത്തലും വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.

അസദ് ഭരണത്തിന്റെ പതനത്തിന് ശേഷം ഐഎഇഎക്ക് മുൻ ആണവ കേന്ദ്രങ്ങളലേക്ക് പ്രവേശനം ലഭിച്ചതോടെയാണ് വർഷങ്ങളായി മറഞ്ഞുകിടന്നിരുന്ന ഈ വിവരങ്ങൾ പുറത്തുവരുന്നത്. ഇനി സിറിയയുടെ ആണവ പ്രവർത്തനങ്ങളുടെ പൂർണ വ്യാപ്തി കണ്ടെത്തുകയും ശേഷിക്കുന്ന ആണവ വസ്തുക്കൾ സുരക്ഷിതമായി നിയന്ത്രിക്കുകയും ചെയ്യുക എന്നതാകും അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രധാന വെല്ലുവിളി.