വാഷിങ്ടൺ: ബഹിരാകാശത്ത് മനുഷ്യർ ഇതിനകം തന്നെ രഹസ്യമായി ആണവായുധങ്ങൾ വിന്യസിച്ചിട്ടുണ്ടാകാമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (MIT)യിലെ ശാസ്ത്രജ്ഞൻ. ഇത്തരത്തിലുള്ള താപ ആണവായുധങ്ങൾ കണ്ടെത്താൻ ഉപഗ്രഹം അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതികവിദ്യയും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.
എംഐടിയിലെ ന്യൂക്ലിയർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ അരെഗ് ഡാനഗൂലിയൻ 'നേച്ചർ' ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ ആശയം അവതരിപ്പിച്ചത്. സംശയാസ്പദമായ ബഹിരാകാശവാഹനത്തിന് സമീപം ഭ്രമണം ചെയ്യുന്ന പ്രത്യേക സെൻസർ ഉപഗ്രഹം, ആണവായുധങ്ങളിൽ ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് വസ്തുക്കളിൽ നിന്ന് പുറപ്പെടുന്ന ന്യൂട്രോണുകളെ കണ്ടെത്താൻ കഴിയുമെന്നാണ് പഠനത്തിൽ പറയുന്നത്.
ബഹിരാകാശത്ത് ആണവസ്‌ഫോടനം ഉണ്ടായാലും ഭൂമിയിൽ നേരിട്ടുള്ള നാശനഷ്ടമോ ആളപായമോ ഉണ്ടാകില്ല. എന്നാൽ ഭൂമിയെ ചുറ്റുന്ന ആശയവിനിമയ, ജിപിഎസ്, കാലാവസ്ഥാ നിരീക്ഷണ, മിസൈൽ മുന്നറിയിപ്പ് ഉപഗ്രഹങ്ങൾ ഗുരുതരമായി തകരാറിലാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ഇതിന് ചരിത്രത്തിൽ ഉദാഹരണവുമുണ്ട്. 1962ൽ അമേരിക്ക നടത്തിയ 'സ്റ്റാർഫിഷ് പ്രൈം' ആണവപരീക്ഷണത്തെ തുടർന്ന് താഴ്ന്ന ഭ്രമണപഥത്തിലുണ്ടായിരുന്ന ഉപഗ്രഹങ്ങളിൽ മൂന്നിലൊന്ന് കേടുപാടുകൾ സംഭവിച്ചിരുന്നു. സ്‌ഫോടനത്തിൽ നിന്നുള്ള വികിരണം ഭൂമിയെ ചുറ്റിയുള്ള വാൻ ആലൻ റേഡിയേഷൻ ബെൽറ്റിലെ ചാർജുള്ള കണങ്ങളുടെ അളവ് വർധിപ്പിക്കുകയും ഉപഗ്രഹങ്ങളുടെ ഇലക്ട്രോണിക് സംവിധാനങ്ങളെയും സൗരോർജ പാനലുകളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.
പുതിയ നിർദേശപ്രകാരം, വാൻ ആലൻ ബെൽറ്റിലൂടെ കടന്നുപോകുന്ന ആണവായുധം വഹിക്കുന്ന ഉപഗ്രഹത്തിൽ നിന്ന് സെക്കൻഡിൽ കോടിക്കണക്കിന് ന്യൂട്രോണുകൾ പുറപ്പെടും. താഴെ ഭ്രമണം ചെയ്യുന്ന നിരീക്ഷണ ഉപഗ്രഹം ഈ ന്യൂട്രോണുകളെ തിരിച്ചറിഞ്ഞ് ആണവായുധത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കാനാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ഭൂമിയുടെ അന്തരീക്ഷത്തിൽ കോസ്മിക് കിരണങ്ങൾ സൃഷ്ടിക്കുന്ന ന്യൂട്രോണുകളും കണ്ടെത്തൽ പ്രക്രിയയെ സങ്കീർണമാക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഏത് ന്യൂട്രോൺ ബഹിരാകാശവാഹനത്തിൽ നിന്നുള്ളതാണെന്നും ഏത് ഭൂമിയിൽ നിന്നുള്ളതാണെന്നും കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന ദിശാനിർണയ സംവിധാനവും ആവശ്യമായി വരും.
ബഹിരാകാശ ആണവഭീഷണി നിരീക്ഷിക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങൾ നിലവിൽ പരിമിതമാണെന്നും, ഭാവിയിൽ ഇത്തരം സാങ്കേതികവിദ്യകൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും പഠനം വിലയിരുത്തുന്നു.
ബഹിരാകാശത്ത് രഹസ്യ ആണവായുധങ്ങളോ? കണ്ടെത്താൻ പുതിയ മാർഗവുമായി എംഐടി ശാസ്ത്രജ്ഞൻ
