പാകിസ്താന് സൗദിയുടെ 3 ബില്യൺ ഡോളർ സഹായം; സാമ്പത്തിക സമ്മർദ്ദത്തിൽ ആശ്വാസം

പാകിസ്താന് സൗദിയുടെ 3 ബില്യൺ ഡോളർ സഹായം; സാമ്പത്തിക സമ്മർദ്ദത്തിൽ ആശ്വാസം


വാഷിങ്ടൺ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്താന് ആശ്വാസമായി 3 ബില്യൺ ഡോളറിന്റെ പുതിയ നിക്ഷേപം നൽകാൻ സൗദി അറേബ്യ തീരുമാനിച്ചു. അടുത്ത ആഴ്ചയ്ക്കുള്ളിൽ ഈ തുക ലഭ്യമാകുമെന്നാണ് പാകിസ്താൻ സർക്കാർ അറിയിച്ചത്.

പാകിസ്താൻ ധനമന്ത്രി മുഹമ്മദ് ഔറംഗസീബും സൗദി ധനമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ജദാനും തമ്മിലുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. വാഷിങ്ടണിൽ നടന്ന ഐ.എം.എഫ്-വേൾഡ് ബാങ്ക് സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.

ഇതിനൊപ്പം, നിലവിലുള്ള 5 ബില്യൺ ഡോളർ സൗദി നിക്ഷേപവും കൂടുതൽ അനുകൂല വ്യവസ്ഥകളോടെ ദീർഘകാലത്തേക്ക് നീട്ടാൻ തീരുമാനിച്ചു. മുമ്പ് വർഷംതോറും പുതുക്കേണ്ടി വന്നിരുന്ന ഈ നിക്ഷേപം ഇനി കൂടുതൽ സ്ഥിരത നൽകുമെന്ന് വിലയിരുത്തുന്നു.

ഇതിനിടെ, ഈ മാസം അവസാനം യുഎഇയ്ക്ക് 3.5 ബില്യൺ ഡോളർ തിരിച്ചടയ്‌ക്കേണ്ട ബാധ്യത പാകിസ്താനുണ്ട്. നിലവിൽ ഏകദേശം 16.4 ബില്യൺ ഡോളറാണ് രാജ്യത്തിന്റെ വിദേശ നാണയശേഖരം.

സൗദിയും ഖത്തറും ചേർന്ന് ഏകദേശം 5 ബില്യൺ ഡോളറിന്റെ പിന്തുണ നൽകുന്നതോടെ പാകിസ്താന്റെ സാമ്പത്തിക സമ്മർദ്ദം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക വർഷാവസാനം വരെ വിദേശ നാണയശേഖരം 18 ബില്യൺ ഡോളറായി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.

അതേസമയം, 1.4 ബില്യൺ ഡോളറിന്റെ യൂറോബോണ്ട് കടം വിജയകരമായി തിരിച്ചടച്ചതായും ധനമന്ത്രി അറിയിച്ചു.