അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം നീളുന്നതിനിടെ അതിന്റെ തീപ്പൊരി കൂടുതല്‍ ശക്തമായി സൗദി അറേബ്യയിലേക്കും പടരുകയാണ്. കിഴക്കും തെക്കും വടക്കും നിന്നുള്ള ഇറാന്‍ അനുകൂല ആക്രമണങ്ങള്‍ക്കു മുന്നില്‍, അമേരിക്കയുടെ സൈനിക പിന്തുണ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട സൗദി നേതൃത്വത്തിന് മുന്നിലുള്ള വഴികള്‍ ചുരുങ്ങുകയാണ്. ഇറാന്‍ സഖ്യകക്ഷിയായ യെമനിലെ ഹൂതി സേനയെ നേരിടാന്‍ റിയാദ് വീണ്ടും ഒറ്റയ്ക്ക് ഇറങ്ങാന്‍ തയ്യാറല്ല; പകരം നയതന്ത്ര വഴികള്‍ തേടേണ്ട സ്ഥിതിയിലേക്കാണ് രാജ്യം നീങ്ങുന്നത്.
ഹൂതികള്‍ക്കെതിരെ ഒറ്റയ്ക്ക് പോരാടാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് സൗദി ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അനുകൂല നിരീക്ഷകരും വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടന്ന മുന്‍ സൈനിക നടപടി ഒരു ദശകം നീണ്ട കുരുക്കായി മാറിയ അനുഭവമാണ് ഇതിനു പിന്നില്‍. 'ഇതിന് സൗദി അറേബ്യയുടെയും പ്രാദേശിക രാജ്യങ്ങളുടെയും മാത്രം പിന്തുണ പോരാ; അന്താരാഷ്ട്ര പിന്തുണ ആവശ്യമാണ്,' സൗദി സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള കോളമിസ്റ്റ് അബ്ദുറഹ്മാന്‍ അല്‍ റാഷിദ് സൗദി ഉടമസ്ഥതയിലുള്ള പത്രത്തില്‍ എഴുതി.
എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പുതിയൊരു യുദ്ധമേഖല തുറക്കുന്നതില്‍ വിമുഖത കാട്ടുകയാണ്. സൗദി കിരീടാവകാശിയും രാജ്യത്തിന്റെ യഥാര്‍ത്ഥ ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ട്രംപുമായും കുടുംബവുമായും വ്യക്തിബന്ധം ശക്തിപ്പെടുത്താന്‍ വന്‍ രാഷ്ട്രീയ മൂലധനവും കോടിക്കണക്കിന് ഡോളറും ചെലവഴിച്ചിരുന്നു. അതിനാല്‍ അമേരിക്കയുടെ സൈനിക സഹായത്തില്‍ റിയാദ് പ്രതീക്ഷ പുലര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ഹൂതികള്‍ക്കെതിരെ സൈനിക നടപടി സ്വീകരിക്കണമെന്ന് കിരീടാവകാശി ആവശ്യപ്പെട്ടപ്പോള്‍ ട്രംപ് അത് നിരസിച്ചതായാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
ഇറാനുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലില്‍ തന്നെ അമേരിക്കന്‍ നാവികസേന അമിതമായി വ്യാപിച്ചിരിക്കുകയാണെന്നും ആയുധശേഖരം കുറഞ്ഞുവരുകയാണെന്നും ചൂണ്ടിക്കാട്ടി മുന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പിലെ മധ്യപൂര്‍വ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഡാന്‍ ഷാപ്പിറോ ട്രംപിന്റെ നിലപാട് വിശദീകരിച്ചു. എന്നാല്‍ അത് സൗദികള്‍ക്ക് കടുത്ത നിരാശയാണെന്നും അദ്ദേഹം പറഞ്ഞു.
അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ ട്രംപ് ഹൂതികള്‍ തങ്ങളുമായി ബന്ധപ്പെട്ടെന്നും അമേരിക്കയുമായി പോരാടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും അവകാശപ്പെട്ടു. എന്നാല്‍ ഹൂതി രാഷ്ട്രീയ നേതാവ് മുഹമ്മദ് അല്‍ ബുഖൈതി ഇത് നിഷേധിച്ചു. ട്രംപുമായി തങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ആക്രമണം നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യെമനില്‍ അമേരിക്ക നേരിട്ട് ഇടപെടുമോ എന്നത് ഇപ്പോഴും ചര്‍ച്ചയിലാണ്. അതേസമയം സൗദിക്ക് അമേരിക്ക രഹസ്യാന്വേഷണ സഹായം നല്‍കുന്നത് തുടരുകയാണെന്ന് മധ്യപൂര്‍വ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വിരമിച്ച അമേരിക്കന്‍ നാവികസേന വൈസ് അഡ്മിറല്‍ ജോണ്‍ ഡബ്ല്യു. മില്ലര്‍ പറഞ്ഞു.
മുന്‍ അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി ബാര്‍ബറ ലീഫിന്റെ വിലയിരുത്തലില്‍, സൗദി ഇനി നയതന്ത്ര ശ്രമങ്ങള്‍ ശക്തമാക്കാനാണ് സാധ്യത. സൗദി, അമേരിക്ക, ഇസ്രയേല്‍ എന്നിവരുടെ വര്‍ഷങ്ങളായുള്ള വ്യോമാക്രമണങ്ങള്‍ക്കുപോലും ഹൂതികള്‍ക്കെതിരെ സൈനിക പരിഹാരം കണ്ടെത്താനായിട്ടില്ല. ഇറാനുമായും അയല്‍രാജ്യങ്ങളുമായും ചേര്‍ന്ന് യുദ്ധം അവസാനിപ്പിക്കാന്‍ പ്രായോഗികമായ ചില ധാരണകള്‍ ഉണ്ടാക്കാനും റിയാദ് ശ്രമിച്ചേക്കും.
ചൈനയെയും സൗദി ആശ്രയിച്ചേക്കാം. എന്നാല്‍ 2023ല്‍ സൗദിയും ഇറാനും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ബീജിങ് നടത്തിയ മധ്യസ്ഥശ്രമം പിന്നീട് ദുര്‍ബലമായത് സ്ഥിരമായ സമാധാനധാരണ കൈവരിക്കുന്നതിന്റെ പരിമിതികള്‍ വ്യക്തമാക്കുന്നു.
ഇതിനിടെ സൗദിക്കെതിരായ ആക്രമണങ്ങളുടെ വ്യാപ്തി വര്‍ധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിഴക്കും തെക്കും വടക്കും നിന്നായി ഇറാന്‍ അനുകൂല ആക്രമണങ്ങള്‍ നേരിട്ടു. ഓഗസ്റ്റ് അവസാനം ഹോര്‍മുസ് കടലിടുക്കില്‍ സൗദി എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് നാവികര്‍ കൊല്ലപ്പെട്ടു. ചെങ്കടല്‍ വഴിയുള്ള സൗദി എണ്ണ കയറ്റുമതി തടയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഹൂതികള്‍ പ്രധാന ആഗോള കപ്പല്‍പാതയിലെ പ്രദേശം പിടിച്ചെടുക്കുകയും യെമനിലെ സൗദി അനുകൂല സേനയെ പരാജയപ്പെടുത്തുകയും ചെയ്തു.
ഇതിനു പിന്നാലെ ഇറാന്‍ അനുകൂല ഇറാഖി മിലീഷ്യയുടെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍ണായക എണ്ണ പൈപ്പ്‌ലൈന്‍ അടച്ചുപൂട്ടേണ്ടിവന്നതായി സൗദി അധികൃതര്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഫലപ്രദമായി തടഞ്ഞ സാഹചര്യത്തില്‍, എണ്ണ ചെങ്കടല്‍ വഴി കയറ്റുമതി ചെയ്യാനുള്ള പ്രധാന ബദല്‍ മാര്‍ഗമായിരുന്നു ഈ പൈപ്പ്‌ലൈന്‍.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരില്‍ ഒന്നായ സൗദിയുടെ ഈ പ്രതിസന്ധി മധ്യപൂര്‍വദേശത്തെ യുദ്ധത്തിന്റെ വ്യാപകമായ സാമ്പത്തിക പ്രത്യാഘാതവും വ്യക്തമാക്കുന്നു. എണ്ണവിതരണത്തിന് നേരെയുള്ള ഭീഷണി ആഗോള വിപണികളിലേക്കും പകരുമ്പോള്‍, അമേരിക്കയെ പരസ്യമായി വിമര്‍ശിക്കാതെ തന്നെ മറ്റൊരു നയതന്ത്ര വഴി കണ്ടെത്തുക എന്നതാണ് ഇപ്പോള്‍ റിയാദിന്റെ പ്രധാന വെല്ലുവിളി
ഇറാന്‍ - അമേരിക്ക സംഘര്‍ഷത്തില്‍ കുടുങ്ങി സൗദി; നയതന്ത്രത്തിലേക്ക് തിരിയാനൊരുങ്ങി റിയാദ്
