മയക്കുമരുന്ന് വിരുദ്ധ യുദ്ധം കടുപ്പിച്ച് സൗദി; 2025ല്‍ 356 വധശിക്ഷകള്‍, ചരിത്രത്തിലെ ഉയര്‍ന്ന എണ്ണം

മയക്കുമരുന്ന് വിരുദ്ധ യുദ്ധം കടുപ്പിച്ച് സൗദി; 2025ല്‍ 356 വധശിക്ഷകള്‍, ചരിത്രത്തിലെ ഉയര്‍ന്ന എണ്ണം


റിയാദ്: മയക്കുമരുന്ന് കടത്തിനെതിരായ കടുത്ത നടപടികളുടെ ഭാഗമായി 2025ല്‍ സൗദി അറേബ്യയില്‍ 356 വധശിക്ഷകള്‍ നടപ്പാക്കിയതായി റിപ്പോര്‍ട്ട്. ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന എണ്ണം ഇതാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷമായ 2024ല്‍ 338 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതിനെ മറികടന്നാണ് പുതിയ റെക്കോര്‍ഡ്. ഫ്രാന്‍സ് വാര്‍ത്ത ഏജന്‍സിയായ എഎഫ്പി ഉദ്ധരിച്ച കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ വധശിക്ഷകളില്‍ 243 എണ്ണം നേരിട്ട് മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ടവയാണ്.

കോടതികളില്‍ വര്‍ഷങ്ങളായി നീണ്ടുനിന്ന കേസുകളില്‍ അന്തിമ വിധികള്‍ നടപ്പാക്കിയതിന്റെ ഫലമായാണ് ഈ കണക്കുകളില്‍ വര്‍ധനയുണ്ടായതെന്ന് വിശകലനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2022 അവസാനത്തോടെയാണ് മയക്കുമരുന്ന് കുറ്റങ്ങള്‍ക്ക് വധശിക്ഷ പുനഃസ്ഥാപിച്ചത്. ഇതോടെ സര്‍ക്കാര്‍ 'മയക്കുമരുന്ന് വിരുദ്ധ യുദ്ധം' ശക്തമാക്കിയതായി വിലയിരുത്തപ്പെടുന്നു. സിറിയന്‍ മുന്‍ പ്രസിഡന്റ് ബഷര്‍ അല്‍അസദിന്റെ കാലത്ത് രാജ്യത്തിന്റെ പ്രധാന കയറ്റുമതികളിലൊന്നായിരുന്ന ഫെനെത്തില്‍ലിന്‍ (ക്യാപ്റ്റഗണ്‍) എന്ന സിന്തറ്റിക് മയക്കുമരുന്നിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ് സൗദി അറേബ്യയെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടുകളും പറയുന്നു.

നാര്‍ക്കോട്ടിക്‌സ് വിരുദ്ധ നടപടികളുടെ ഭാഗമായി പ്രധാന റോഡുകളിലും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഗുളികകള്‍ പിടിച്ചെടുക്കുകയും ഡസന്‍ കണക്കിന് സംശയാസ്പദ കച്ചവടക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. മയക്കുമരുന്ന് കേസുകളില്‍ വധശിക്ഷ ലഭിച്ചവരില്‍ ഭൂരിഭാഗവും വിദേശ പൗരന്മാര്‍ ആണെന്നത് മനുഷ്യാവകാശ സംഘടനകള്‍ ആശങ്കയോടെ ചൂണ്ടിക്കാട്ടുന്നു.

വധശിക്ഷ തുടരുന്നതിനെതിരെ സൗദി അറേബ്യ അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനം നേരിടുകയാണ്. രാജ്യത്തെ കൂടുതല്‍ തുറന്നതും സാമൂഹികമായി പുരോഗമനപരവുമായതുമായ മുഖമായി അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ' വിഷന്‍ 2030' പരിഷ്‌കരണ അജണ്ടയുമായി വധശിക്ഷകള്‍ പൊരുത്തപ്പെടുന്നില്ലെന്നതാണ് വിമര്‍ശകരുടെ വാദം. ടൂറിസം, വിനോദമേഖല, അന്താരാഷ്ട്ര കായികമേളകള്‍ എന്നിവയില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തി എണ്ണയില്‍ നിന്നുള്ള ആശ്രയം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഈ വിമര്‍ശനം ശക്തമാകുന്നത്. 2034ലെ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാനുള്ള ഒരുക്കങ്ങളും ഇതിന്റെ ഭാഗമാണ്.

അതേസമയം, പൊതുസുരക്ഷ ഉറപ്പാക്കാന്‍ വധശിക്ഷ അനിവാര്യമാണെന്നും നിയമനടപടികളും അപ്പീലുകളും പൂര്‍ത്തിയാക്കിയശേഷം മാത്രമാണ് ശിക്ഷ നടപ്പാക്കുന്നതെന്നും സൗദി അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. 1990 മുതല്‍ സൗദിയിലെ വധശിക്ഷകള്‍ അമ്‌നസ്റ്റി ഇന്റര്‍നാഷണല്‍ രേഖപ്പെടുത്തി വരുന്നുണ്ടെങ്കിലും അതിനുമുമ്പുള്ള വര്‍ഷങ്ങളിലെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നാണ് സംഘടനയുടെ വിശദീകരണം.