ടോക്യോ: ജപ്പാന്‍ തെരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ ഡി പി) വന്‍ വിജയം കൈവരിച്ചതോടെ പ്രധാനമന്ത്രി സനേ തകൈച്ചി അധികാരം ഉറപ്പാക്കി. 233 സീറ്റുകളുടെ ഭൂരിപക്ഷം മറികടന്ന എല്‍ ഡി പിക്ക് 465 അംഗ പ്രതിനിധി സഭയില്‍ 300 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രാഥമിക പ്രവചനങ്ങള്‍.
സഖ്യകക്ഷിയായ ജപ്പാന്‍ ഇന്നൊവേഷന്‍ പാര്‍ട്ടിയുമായി (ഇഷിന്‍) ചേര്‍ന്ന് തകൈച്ചിക്ക് ഇപ്പോള്‍ രണ്ടിലൊന്ന് ഭൂരിപക്ഷം ഉറപ്പായിട്ടുണ്ട്. ഇതിലൂടെ ഉപരിസഭയെ മറികടന്ന് നിയമനിര്‍മാണം വേഗത്തിലാക്കാനുള്ള അധികാരം സര്‍ക്കാരിന് ലഭിക്കും.
തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് ലോകനേതാക്കള്‍ അഭിനന്ദനവുമായി രംഗത്തെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 'ചരിത്രപ്രാധാന്യമുള്ള വിജയം' ആണെന്ന് വിശേഷിപ്പിക്കുകയും ആഗോള സ്ഥിരതയും സമൃദ്ധിയും മുന്നോട്ട് നയിക്കുന്ന ഇന്ത്യ- ജപ്പാന്‍ പ്രത്യേക തന്ത്രപരവും പങ്കാളിത്തത്തിന്റെ പ്രാധാന്യം വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും തകൈച്ചിയെ അഭിനന്ദിച്ച് റോമും ടോക്യോയും തമ്മില്‍ വര്‍ധിച്ചുവരുന്ന തന്ത്രപര സഹകരണവും പരസ്പര വിശ്വാസവും ഊന്നിപ്പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പൊതുപിന്തുണയ്ക്ക് നന്ദി അറിയിച്ച തകൈച്ചി, ജപ്പാന്‍- യു എസ് സഖ്യത്തെ 'പരിധികളില്ലാത്തത്' എന്ന് വിശേഷിപ്പിച്ചു. ഈ വസന്തകാലത്ത് വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനുള്ള പദ്ധതികളും അവര്‍ സ്ഥിരീകരിച്ചു. വോട്ടെടുപ്പിന് മുമ്പ് ട്രംപ് തകൈച്ചിയെ ശക്തിയും ദേശസ്‌നേഹവും ഉള്ള നേതാവെന്ന് പ്രശംസിച്ചിരുന്നു. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും ശക്തമായ ജപ്പാന്‍ ഏഷ്യയില്‍ അമേരിക്കയുടെ നിലപാട് ശക്തിപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു.
മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കാലഘട്ടത്തിനു ശേഷം (2017) എല്‍ ഡി പിക്ക് ലഭിക്കുന്ന ഏറ്റവും ശക്തമായ പ്രകടനമാണിത്. ആബെയുടെ ശിഷ്യയായി കണക്കാക്കപ്പെടുന്ന തകൈച്ചി അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ധനകാര്യ ഉത്തരവാദിത്തത്തോടൊപ്പം ലക്ഷ്യമിട്ട നിക്ഷേപങ്ങള്‍ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. ശക്തമായ സമ്പദ്വ്യവസ്ഥ നിര്‍മ്മിക്കാന്‍ പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും നിക്ഷേപം അനിവാര്യമാണെന്ന് അവര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി. ഡെമോക്രാറ്റിക് പാര്‍ട്ടിയും മുന്‍ എല്‍ഡിപി സഖ്യകക്ഷിയായ കോമെയിറ്റോയും ചേര്‍ന്ന് രൂപീകരിച്ച സെന്‍ട്രിസ്റ്റ് റീഫോം അലയന്‍സിന് തങ്ങളുടെ സീറ്റുകളുടെ മൂന്നില്‍ രണ്ടിലധികം നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, കുടിയേറ്റ വിരുദ്ധ നിലപാടുള്ള സന്‍സെയിറ്റോ പാര്‍ട്ടി ചെറിയ മുന്നേറ്റം നടത്തി പാര്‍ലമെന്റിലെ സാന്നിധ്യം വര്‍ധിപ്പിച്ചു.
അഴിമതി ആരോപണങ്ങളും ഉയര്‍ന്ന ജീവിതച്ചെലവും കാരണം പൊതുജന വിശ്വാസം നഷ്ടപ്പെട്ടിരുന്ന ദീര്‍ഘകാലം ഭരിച്ച എല്‍ ഡി പിയെ തകൈച്ചി വീണ്ടും ശക്തിപ്പെടുത്തിയതായി നിരീക്ഷകര്‍ വിലയിരുത്തുന്നു. ഒരുകാലത്ത് അത്യന്തം പരമ്പരാഗതവാദിയായി കണക്കാക്കിയിരുന്ന അവര്‍ക്ക് യുവ വോട്ടര്‍മാരടക്കം വിപുലമായ പിന്തുണ നേടാന്‍ കഴിഞ്ഞു. മികച്ച രാഷ്ട്രീയ പ്രതിച്ഛായയ്‌ക്കൊപ്പം ജനപ്രിയ സാംസ്‌കാരിക ഇടപെടലുകളും ശ്രദ്ധേയമായ നയതന്ത്ര ശൈലിയുമാണ് ഇതിന് സഹായകമായത്.
എന്നാല്‍, വലിയ സാമ്പത്തിക വെല്ലുവിളികളാണ് പുതുതായി അധികാരമേറ്റെടുക്കുന്നവര്‍ക്ക് മുന്നിലുള്ളത്. പണപ്പെരുപ്പവും നിശ്ചലമായ വേതനവും തകൈച്ചിയുടെ രണ്ട് മുന്‍ഗാമികളെ ഇതിനകം അധികാരത്തില്‍ നിന്ന് പുറത്താക്കിയ വിഷയങ്ങളാണ്. വന്‍ ഉത്തേജക പാക്കേജും ഭക്ഷ്യ ഉപഭോഗ നികുതി നിര്‍ത്തിവെക്കുമെന്ന വാഗ്ദാനവും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജപ്പാന്റെ പൊതുകടം ഇപ്പോള്‍ ജി ഡി പിയുടെ ഇരട്ടിയിലധികമായതിനാല്‍ ധനകാര്യ അപകടസാധ്യതകള്‍ വര്‍ധിക്കുമെന്ന ആശങ്ക വിമര്‍ശകര്‍ ഉയര്‍ത്തുന്നു.
വിദേശനയ രംഗത്ത് തകൈച്ചിയുടെ കടുത്ത നിലപാട് ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ക്കും വഴിവച്ചു. അധികാരമേല്‍ക്കുന്നതിന് പിന്നാലെ, തായ്വാനെതിരായ ചൈനീസ് ആക്രമണമുണ്ടായാല്‍ ജപ്പാന്‍ സൈനികമായി ഇടപെടാമെന്ന സൂചന അവര്‍ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബീജിംഗ് ശക്തമായ പ്രതിഷേധവും റഷ്യയുമായി സംയുക്ത സൈനിക അഭ്യാസങ്ങളും സംഘടിപ്പിച്ചു.
ഈ വിവാദങ്ങള്‍ ആഭ്യന്തരമായി തകൈച്ചിയുടെ നിലപാട് കൂടുതല്‍ ശക്തിപ്പെടുത്തിയേക്കാമെങ്കിലും ചൈനയുമായുള്ള ബന്ധങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് നിര്‍ണായകമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2028 വരെ വലിയ തിരഞ്ഞെടുപ്പുകളൊന്നും ഇല്ലാത്തതിനാല്‍ സാമ്പത്തിക പുനരുജ്ജീവനം, ധനകാര്യ സ്ഥിരത, മേഖലാതല ബന്ധങ്ങളുടെ കൈകാര്യം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തകൈച്ചിക്ക് ഇപ്പോള്‍ രാഷ്ട്രീയമായ ഇടവേള ലഭിച്ചിട്ടുണ്ട്.
