ടെഹ്രാൻ/ വാഷിംഗ്ടൺ: ഉപരോധ പട്ടികയിൽപ്പെട്ട റഷ്യൻ കോടീശ്വരൻ അലക്‌സി മോർദാഷോയുമായി ബന്ധമുള്ള ആഡംബര സൂപ്പർയാച്ച് 'നോർഡ്' ഹോർമൂസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. ഏകദേശം 500 മില്യൺ ഡോളർ വിലവരുന്ന 142 മീറ്റർ നീളമുള്ള യാച്ച് ദുബായിൽ നിന്ന് പുറപ്പെട്ട് ഉപരോധം നിലനിൽക്കുന്ന കടലിടുക്ക് കടന്ന അപൂർവ കപ്പലുകളിൽ ഒന്നായി മാറി.
മറൈൻട്രാഫിക് ഡേറ്റ പ്രകാരം വെള്ളിയാഴ്ച ദുബായ് മറീനയിൽ നിന്ന് പുറപ്പെട്ട യാച്ച് ശനിയാഴ്ച രാവിലെ ഹോർമൂസ് കടന്ന് ഞായറാഴ്ച പുലർച്ചെ ഒമാനിലെ മസ്‌കറ്റിൽ എത്തി. ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ കപ്പൽ എങ്ങനെ അനുമതി നേടിയെന്നത് വ്യക്തമല്ല. ഫെബ്രുവരി മുതൽ ഇറാൻ കടലിടുക്കിലെ ഗതാഗതം കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ലോകത്തിലെ എണ്ണവിതരണത്തിന്റെ അഞ്ചിൽ ഒരുഭാഗം കടന്നുപോകുന്ന പ്രധാന കടൽപാതയാണിത്.
ഇതിനിടെ ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദേശത്തെക്കുറിച്ച് വിലയിരുത്തൽ തുടരുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആണവായുധം കൈവശപ്പെടുത്താൻ ഇറാനെ അനുവദിക്കില്ലെന്നത് ഉൾപ്പെടെ അമേരിക്കയുടെ നിലപാട് മാറ്റമില്ലാത്തതാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
പ്രാദേശിക ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, ഹോർമൂസ് കടലിടുക്കിലെ നിയന്ത്രണം ഇളവ് ചെയ്യാൻ ഇറാൻ തയ്യാറാണെന്ന് സൂചന നൽകി. പകരമായി യുഎസ് കടൽ ഉപരോധം പിൻവലിക്കുകയും സംഘർഷം അവസാനിപ്പിക്കുകയും വേണമെന്നാണ് ആവശ്യപ്പെട്ടത്. ആണവ പദ്ധതി സംബന്ധിച്ച ചർച്ചകൾ പിന്നീട് നടത്താമെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചത്.
എന്നാൽ പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിനാൽ ഈ നിർദേശം അംഗീകരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയ്യാറാകാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും സൈനിക നടപടി ആരംഭിക്കാൻ കാരണമായ വിഷയങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്.
ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ട്രംപ് ഈ നിർദേശത്തെക്കുറിച്ച് യോഗം ചേർന്നുവെന്നും, ഇറാനുമായി ബന്ധപ്പെട്ട അമേരിക്കയുടെ 'റെഡ് ലൈൻ' നിലപാടുകൾ വളരെ വ്യക്തമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് വ്യക്തമാക്കി. വിഷയത്തിൽ ഉടൻ പ്രതികരണം ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ഉപരോധത്തിലിരിക്കുന്ന റഷ്യൻ കോടീശ്വരന്റെ സൂപ്പർയാച്ച് ഹോർമൂസ് കടന്നു; ഇറാൻ സമർപ്പിച്ച നിർദേശം യുഎസ് വിലയിരുത്തുന്നു
