സൈഫ് അൽ-ഇസ്‌ലാം ഗദ്ദാഫി വെടിയേറ്റ് മരിച്ചു; ലിബിയയിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം

സൈഫ് അൽ-ഇസ്‌ലാം ഗദ്ദാഫി വെടിയേറ്റ് മരിച്ചു; ലിബിയയിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം


ട്രിപ്പോളി: ലിബിയയുടെ മുൻ ഭരണാധികാരി കേണൽ മുഅമ്മർ ഗദ്ദാഫിയുടെ മകനായ സൈഫ് അൽ-ഇസ്‌ലാം ഗദ്ദാഫി (53) വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. സിന്റാൻ നഗരത്തിലെ വസതിയിൽ നാലംഗ സംഘം ആക്രമണം നടത്തിയതായാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ എഎഫ്പിയോട് പറഞ്ഞത്. ചൊവ്വാഴ്ച ലിബിയൻ ന്യൂസ് ഏജൻസി വാർത്ത സ്ഥിരീകരിച്ചു.

അതേസമയം, അൾജീരിയ അതിർത്തിക്ക് സമീപമാണ് സൈഫ് അൽ-ഇസ്‌ലാം മരിച്ചതെന്ന് സഹോദരി ലിബിയൻ ടിവിയോട് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.

1969 മുതൽ 2011 വരെ ലിബിയ ഭരിച്ച ഗദ്ദാഫിയുടെ ഏറ്റവും സ്വാധീനമുള്ള അവകാശിയായി സൈഫ് അൽ-ഇസ്‌ലാം ഏറെക്കാലം കണക്കാക്കപ്പെട്ടിരുന്നു. 1972ൽ ജനിച്ച അദ്ദേഹം, 2000കളിൽ ലിബിയയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

2011ലെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പിതാവ് കൊല്ലപ്പെട്ട ശേഷം സൈഫ് അൽ-ഇസ്‌ലാമിനെ സിന്റാനിലെ സായുധസംഘം തടവിലാക്കി. ഏകദേശം ആറുവർഷം ജയിലിൽ കഴിഞ്ഞ അദ്ദേഹത്തിനെതിരെ, പ്രതിഷേധങ്ങൾ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ ചുമത്തി അന്താരാഷ്ട്ര ക്രിമിനൽ കോടതി വിചാരണ ആവശ്യപ്പെട്ടിരുന്നു. 2015ൽ ലിബിയൻ കോടതി അദ്ദേഹത്തിന് അഭാവത്തിൽ വധശിക്ഷ വിധിക്കുകയും ചെയ്തു.

സർക്കാരിൽ ഔദ്യോഗിക പദവി ഇല്ലാതിരുന്നിട്ടും നയതന്ത്ര ചർച്ചകളിൽ മുന്നിൽ നിന്ന സൈഫ് അൽ-ഇസ്‌ലാം, ലിബിയയുടെ ആണവായുധ പദ്ധതി ഉപേക്ഷിക്കാൻ ഇടയാക്കിയ ചർച്ചകളിലും പങ്കെടുത്തു. ഇതോടെ രാജ്യത്തിന് മേലുണ്ടായിരുന്ന അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കപ്പെടുകയും ചെയ്തു.

2021ൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, തിരഞ്ഞെടുപ്പ് അനിശ്ചിതമായി മാറ്റിവെക്കുകയായിരുന്നു.

സൈഫ് അൽ-ഇസ്‌ലാമിന്റെ കൊലപാതകം നേരത്തെ തന്നെ സംഘർഷഭരിതമായ ലിബിയയിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.