മുസ്ലിം ബ്രദര്‍ഹുഡ് വിഭാഗങ്ങളെ അമേരിക്ക 'ഭീകരസംഘടന' പട്ടികയില്‍ ചേര്‍ക്കും

മുസ്ലിം ബ്രദര്‍ഹുഡ് വിഭാഗങ്ങളെ അമേരിക്ക 'ഭീകരസംഘടന' പട്ടികയില്‍ ചേര്‍ക്കും


വാഷിംഗ്്ടണ്‍ : ഇസ്രായേല്‍ വിരുദ്ധ ശക്തികളിനെതിരായ നിലപാട് ശക്തമാക്കുന്ന ശ്രമങ്ങളുടെ ഭാഗമായി മുസ്ലിം ബ്രദര്‍ഹുഡിന്റെ ഈജിപ്ത്, ലെബനന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ ശാഖകളെ വിദേശ ഭീകരസംഘടനകളായി പ്രഖ്യാപിക്കുന്നതിനുള്ള പ്രക്രിയ തുടങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. പലസ്തീന്‍ സായുധസംഘടനയായ ഹമാസിന് ഇവര്‍ പിന്തുണ നല്‍കുന്നുവെന്നാരോപിച്ചാണ് നടപടിയെന്ന് ട്രംപ് പ്രസ്താവിച്ചു.

പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ മൂന്ന് രാജ്യങ്ങളിലെ ശാഖകളെ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. അമേരിക്കയിലെ 'മേഗ' പിന്തുണക്കാരുടെ പൂര്‍വാപേക്ഷയായിരുന്നു ഈ തീരുമാനം. 'പ്രദേശങ്ങളിലെ സ്ഥിരത തകര്‍ക്കുകയും അമേരിക്കന്‍ പൗരന്മാരെയും താല്‍പര്യങ്ങളെയും ഹനിക്കുകയും ചെയ്യുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും അസ്ഥിരത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കുന്നു' എന്ന് ഉത്തരവില്‍ പറയുന്നു.

വിദേശ ഭീകരസംഘടന പദവി ലഭിച്ചതോടെ അമേരിക്കക്കുള്ളില്‍ സംഘത്തിന് ഉള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനും അംഗങ്ങള്‍ക്ക് വിസ നിഷേധിക്കാനും സാധിക്കും. ഇതിന്റെ തുടര്‍ നടപടികള്‍ വിദേശകാര്യമന്ത്രി മാര്‍ക്കോ റൂബിയോയും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും പൂര്‍ത്തിയാക്കും.

നടപടിയെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വാഗതം ചെയ്തു. 'മുസ്ലിം ബ്രദര്‍ഹുഡ് മദ്ധ്യപൂര്‍വ്വേഷ്യയുടേയും അതിനപ്പുറമുള്ള മേഖലയുടെയും സ്ഥിരതക്ക് ഭീഷണിയാണ്' എന്ന് നെതന്യാഹു പറഞ്ഞു.  ഇതിനെ 'ഇസ്രായേലിനും ഭീകരപ്രവര്‍ത്തനത്തില്‍ വലയുന്ന അറബ് രാജ്യങ്ങള്‍ക്കും അനിവാര്യമായ ഒരു തീരുമാനം' ആണ് ഇതെന്ന് യു.എന്നിലെ ഇസ്രായേല്‍ ദൂതന്‍ ഡാനി ഡാനോണ്‍ വിശേഷിപ്പിച്ചു.

ഇതിന് മുമ്പ് രാജ്യത്തിനുള്ളില്‍ സംഘത്തിന്റെ സ്വാധീനം ചെറുക്കാനുള്ള നടപടികള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആരംഭിച്ചിരുന്നു. ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ മുമ്പേ മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ജോര്‍ദാന്‍ ഈ വര്‍ഷം ഏപ്രിലില്‍ സംഘത്തെ നിരോധിച്ചിരുന്നു.

എന്താണ് മുസ്ലിം ബ്രദര്‍ഹുഡ് ?

അറബ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ രാഷ്ട്രീയ ഇസ്‌ലാമിക സംഘടനയായി പരിഗണിക്കപ്പെടുന്ന മുസ്ലിം ബ്രദര്‍ഹുഡ് 1928ല്‍ ഈജിപ്തില്‍ ഹസ്സന്‍ അല്‍ബന്നയാണ് സ്ഥാപിച്ചത്. ഇസ്‌ലാമിക മൂല്യങ്ങളുടെ പുനരുജ്ജീവനം പാശ്ചാത്യ അധിനിവേശത്തിനെതിരെ മുസ്ലിം ലോകത്തെ ശക്തിപ്പെടുത്തുമെന്നായിരുന്നു അല്‍ബന്നയുടെ വിശ്വാസം. ഈജിപ്തിലെ പരമോന്നത നേതാവായ മുഹമ്മദ് ബദി നിലവില്‍ ജയിലിലാണ്.