ഹെല്‍സിങ്കി: ഫിന്‍ലന്‍ഡും സ്വീഡനും ആദ്യമായി സംയുക്തമായി യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് റഷ്യന്‍ സൈനിക വിമാനങ്ങളെ നിരീക്ഷിക്കുകയും തിരിച്ചറിയുകയും ചെയ്തു. ഫിന്‍ലന്‍ഡ് ഉള്‍ക്കടലിന് മുകളിലുള്ള അന്താരാഷ്ട്ര വ്യോമമേഖലയില്‍ റഷ്യന്‍ സൈനിക വിമാനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും യുദ്ധവിമാനങ്ങള്‍ അടിയന്തരമായി വിന്യസിച്ചത്.
സെപ്റ്റംബര്‍ 24ന് റഷ്യന്‍ സൈനിക വിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും 'ക്വിക്ക് റിയാക്ഷന്‍ അലര്‍ട്ട്' (ക്യു ആര്‍ എ) വിമാനങ്ങള്‍ വിന്യസിച്ചതായി ഫിന്‍ലന്‍ഡ് വ്യോമസേന അറിയിച്ചു. റഷ്യന്‍ സംഘത്തില്‍ ടു-134 ഗതാഗതവിമാനവും മിഗ്-31, എസ്യു-30 യുദ്ധവിമാനങ്ങളും ഉണ്ടായിരുന്നുവെന്ന് ഫിന്‍ലന്‍ഡ് സൈന്യം വ്യക്തമാക്കി.
ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും യുദ്ധവിമാനങ്ങള്‍ റഷ്യന്‍ വിമാനസംഘത്തെ പിന്തുടര്‍ന്ന് തിരിച്ചറിഞ്ഞ ശേഷമാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഇരു രാജ്യങ്ങളുടെയും വ്യോമസേനകള്‍ സംയുക്തമായി നടത്തിയ ആദ്യത്തെ 'തിരിച്ചറിയല്‍ ദൗത്യം' ആയിരുന്നു ഇതെന്ന് ഫിന്‍ലന്‍ഡ് വ്യക്തമാക്കി.
ബാള്‍ട്ടിക് മേഖലയില്‍ ആശങ്ക തുടരുന്നു
2022ല്‍ യുക്രെയ്നിനെതിരായ റഷ്യയുടെ സമ്പൂര്‍ണ അധിനിവേശത്തിന് പിന്നാലെ ബാള്‍ട്ടിക് കടല്‍ മേഖലയിലെ സുരക്ഷാ ആശങ്കകള്‍ ശക്തമായ സാഹചര്യത്തിലാണ് പുതിയ നീക്കം. വ്യോമമേഖലാ ലംഘനങ്ങള്‍, ഡ്രോണ്‍ സാന്നിധ്യം, ഗ്യാസ് പൈപ്പ്ലൈന്‍ തടസ്സങ്ങള്‍ തുടങ്ങിയ സംഭവങ്ങള്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നേറ്റോ അംഗരാജ്യങ്ങള്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മില്‍ വികസിപ്പിച്ചെടുത്ത ഏകോപനത്തിന്റെ നിലവാരം വ്യക്തമാക്കുന്നതാണ് സംയുക്ത ദൗത്യമെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉല്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ പറഞ്ഞു.
റഷ്യന്‍ ഹെലികോപ്റ്റര്‍ പോളിഷ് വ്യോമമേഖലയില്‍ കടന്നു
റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ പോളണ്ടിന്റെ വ്യോമമേഖലയില്‍ പ്രവേശിച്ചതായി പോളണ്ട് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഫിന്‍ലന്‍ഡ്- സ്വീഡന്‍ സംയുക്ത ദൗത്യം. സെപ്റ്റംബര്‍ 23ന് റഷ്യന്‍ എംഐ-8 ഹെലികോപ്റ്റര്‍ പോളിഷ് വ്യോമമേഖല ലംഘിച്ചതിനെ തുടര്‍ന്ന് നേറ്റോ യുദ്ധവിമാനങ്ങള്‍ അടിയന്തരമായി വിന്യസിച്ചതായും പോളണ്ട് അറിയിച്ചു.
റഷ്യയുടെ കലിനിന്‍ഗ്രാഡ് മേഖലയിലെ വ്യോമമേഖലയില്‍നിന്നാണ് ഹെലികോപ്റ്റര്‍ പോളിഷ് വ്യോമമേഖലയില്‍ പ്രവേശിച്ചതെന്ന് പോളിഷ് ആര്‍മി ഓപ്പറേഷണല്‍ കമാന്‍ഡ് വ്യക്തമാക്കി. ഏകദേശം 42 സെക്കന്‍ഡ് പോളിഷ് വ്യോമമേഖലയില്‍ തുടര്‍ന്ന ഹെലികോപ്റ്റര്‍ ഏകദേശം 300 മീറ്റര്‍ അകത്തേക്ക് പ്രവേശിച്ചതായും അധികൃതര്‍ പറഞ്ഞു.
പ്രാദേശിക സമയം രാവിലെ 11.08ഓടെ ബ്രാനിവോ പട്ടണത്തിന് വടക്കുഭാഗത്തുകൂടിയാണ് ഹെലികോപ്റ്റര്‍ പോളിഷ് വ്യോമമേഖലയില്‍ പ്രവേശിച്ചത്. സംഭവത്തിലുടനീളം പോളിഷ് റഡാര്‍ സംവിധാനങ്ങള്‍ ഹെലികോപ്റ്ററിന്റെ നീക്കം നിരീക്ഷിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നേറ്റോ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചപ്പോള്‍ പോളിഷ് കരസേനയും ജാഗ്രതയിലായിരുന്നു.
