ഹവാന: കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടുന്ന ക്യൂബയ്ക്ക് സഹായവുമായി റഷ്യ. റഷ്യയിൽനിന്നുള്ള വലിയ എണ്ണക്കപ്പൽ ക്യൂബയിലേക്ക് യാത്ര തുടരുന്നതായി സമുദ്രഗതാഗത വിവരങ്ങൾ വ്യക്തമാക്കുന്നു. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ തുടർന്ന് വൈദ്യുതി പ്രതിസന്ധി നേരിടുന്ന ക്യൂബയ്ക്ക് റഷ്യയുടെ ഈ കൈത്താങ്ങ് വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ.
'അനതോളി കൊലോഡ്കിൻ' എന്ന റഷ്യൻ ടാങ്കർ മാർച്ച് 8ന് പ്രിമോർസ്‌ക് തുറമുഖത്ത് നിന്ന് ഏകദേശം 730,000 ബാരൽ അസംസ്‌കൃത എണ്ണ കയറ്റി പുറപ്പെട്ടതാണ്. ഇത് മാർച്ച് 23ഓടെ ക്യൂബയുടെ വടക്കൻ ഭാഗത്തെ മതാൻസാസ് എണ്ണ ടെർമിനലിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ഈ കപ്പൽ റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള 'സോവ്‌കോംഫ്‌ളോട്ട്' എന്ന കപ്പൽ കമ്പനിയുടെതാണ്. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ എന്നിവയുടെ ഉപരോധ പട്ടികയിൽ ഉൾപ്പെട്ട കപ്പലാണിത്.
ഇതിനിടെ, മറ്റൊരു ഇന്ധന കപ്പലായ 'സീ ഹോഴ്‌സ്' ഏകദേശം 200,000 ബാരൽ ഡീസലുമായി അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ ക്യൂബയിലേക്ക് നീങ്ങുന്നതായും വിവരങ്ങളുണ്ട്.
ഡോണൾഡ് ട്രംപ് നേതൃത്വം നൽകുന്ന അമേരിക്കൻ ഭരണകൂടം ക്യൂബയ്‌ക്കെതിരായ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്. വെനസ്വേലയിൽനിന്നുള്ള എണ്ണ വിതരണം നിർത്തുകയും, ക്യൂബയ്ക്ക് എണ്ണ നൽകുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇതോടെ ക്യൂബയിൽ ഗുരുതരമായ വൈദ്യുതി ക്ഷാമം രൂപപ്പെട്ടിരിക്കുകയാണ്. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വൈദ്യുതി മുടക്കം ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്.
റഷ്യയിൽനിന്നുള്ള പുതിയ എണ്ണ എത്തുന്നത് ഈ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകുമെന്നാണെങ്കിലും, അമേരിക്കയും റഷ്യയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
അമേരിക്കൻ ഉപരോധത്തിനിടെ ക്യൂബയിലേക്ക് എണ്ണയുമായി റഷ്യൻ ടാങ്കർ പുറപ്പെട്ടു
