മോസ്‌കോയില്‍ കാര്‍ ബോംബ് സ്‌ഫോടനം: റഷ്യന്‍ സൈന്യത്തിലെ ഉന്നത ജനറല്‍ കൊല്ലപ്പെട്ടു

മോസ്‌കോയില്‍ കാര്‍ ബോംബ് സ്‌ഫോടനം: റഷ്യന്‍ സൈന്യത്തിലെ ഉന്നത ജനറല്‍ കൊല്ലപ്പെട്ടു


മോസ്‌കോ: റഷ്യന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ലെഫ്. ജനറല്‍ ഫാനില്‍ സര്‍വാരോവ് കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ മോസ്‌കോയില്‍ നടന്ന സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ കാറിന് കീഴില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

റഷ്യന്‍ സായുധസേനയുടെ ജനറല്‍ സ്റ്റാഫിന് കീഴിലുള്ള ഓപ്പറേഷണല്‍ ട്രെയിനിങ് ഡയറക്ടറേറ്റിന്റെ മേധാവിയായിരുന്നു ഫാനില്‍ സര്‍വാരോവ്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് റഷ്യന്‍ അന്വേഷണ സമിതിയുടെ വക്താവ് സ്വെത്‌ലാന പെട്രന്‍കോ അറിയിച്ചു. അസോസിയേറ്റഡ് പ്രസ് ആണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തില്‍ യുക്രെയ്ന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ പങ്ക് അന്വേഷിക്കുന്നതായി പെട്രന്‍കോ വ്യക്തമാക്കി. 'കൊലപാതകവുമായി ബന്ധപ്പെട്ട നിരവധി സാധ്യതകളാണ് പരിശോധിക്കുന്നത്. അതില്‍ ഒന്നാണ് യുക്രെയ്ന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ ഇടപെടല്‍,'- അവര്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റഷ്യന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ മൂന്നാമത്തെ ആക്രമണമാണ് ഇത്. കഴിഞ്ഞ ഡിസംബറില്‍, സൈന്യത്തിന്റെ ന്യൂക്ലിയര്‍-ബയോളജിക്കല്‍-കെമിക്കല്‍ സംരക്ഷണ വിഭാഗം മേധാവിയായിരുന്ന ലെഫ്. ജനറല്‍ ഇഗോര്‍ കിരില്ലോവ് ഇത്തരത്തില്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിലൊളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് കിരില്ലോവും സഹായി ഇലിയ പോളികാര്‍പോവും കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഉസ്‌ബെക് പൗരനെ അറസ്റ്റ് ചെയ്തിരുന്നു.

ഈ വര്‍ഷം ഏപ്രിലില്‍, ജനറല്‍ സ്റ്റാഫിലെ മുഖ്യ ഓപ്പറേഷണല്‍ വിഭാഗത്തിന്റെ ഡെപ്യൂട്ടി മേധാവിയായ ജനറല്‍ യാരോസ്ലാവ് മോസ്‌കാലിക്കുമാണ് മോസ്‌കോയ്ക്ക് സമീപം കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായത്.