നോര്‍വേയുടെയോ ഡെന്‍മാര്‍ക്കിന്റെയോ സ്വാഭാവിക ഭാഗമല്ല ഗ്രീന്‍ലാന്‍ഡെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്രോവ്

നോര്‍വേയുടെയോ ഡെന്‍മാര്‍ക്കിന്റെയോ സ്വാഭാവിക ഭാഗമല്ല ഗ്രീന്‍ലാന്‍ഡെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്രോവ്


മോസ്‌കോ: ഗ്രീന്‍ലാന്‍ഡ് ഒരിക്കലും ഡെന്‍മാര്‍ക്കിന്റെയോ നോര്‍വേയുടെയോ സ്വാഭാവിക ഭാഗമായിരുന്നില്ലെന്നും അത് ഒരു കോളനിയല്‍ ഭൂപ്രദേശമായിരുന്നുവെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗേ ലാവ്രോവ്. വാര്‍ത്താസമ്മേളനത്തിലായിരുന്നു ലാവ്രോവിന്റെ പരാമര്‍ശം. 

ഗ്രീന്‍ലാന്‍ഡിനെക്കുറിച്ച് നീതിപൂര്‍വമായൊരു ചര്‍ച്ച അടുത്ത കാലം വരെ പോലും സാധ്യമല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയ്ക്ക് ഗ്രീന്‍ലാന്‍ഡിലോ ഡെന്‍മാര്‍ക്കിലോ യാതൊരു താത്പര്യവും ഇല്ലെന്ന് ലാവ്രോവ് വ്യക്തമാക്കി. തുടക്കത്തില്‍ ഗ്രീന്‍ലാന്‍ഡ് നോര്‍വേയുടെ കോളനിയിലായിരുന്നു. പിന്നീട് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്വയംഭരണ പ്രദേശമായി ഡെന്‍മാര്‍ക്കിന്റെ ഭാഗമായതാണെന്നും ലാവ്രോവ് പറഞ്ഞു.

ഈ വിഷയത്തില്‍ നേറ്റോ അംഗരാജ്യങ്ങള്‍ പരീക്ഷണത്തിലാണെന്നും ഒരു അംഗരാജ്യം മറ്റൊരു അംഗത്തിനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്ന സാഹചര്യമാണുള്ളതെന്നും ലാവ്രോവ് ആരോപിച്ചു. ്‌നേറ്റോ അടച്ചുപൂട്ടേണ്ട സമയം വന്നോ എന്നതിനെക്കുറിച്ച് ഇപ്പോള്‍ സഖ്യത്തിനുള്ളില്‍ തന്നെ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് ഭരണകൂടം അന്താരാഷ്ട്ര നിയമങ്ങളോട് കാണിക്കുന്ന നിലപാടിലെ വൈരുധ്യത്തെ ലാവ്രോവ് രൂക്ഷമായി വിമര്‍ശിച്ചു. നിയമാധിഷ്ഠിതമായ ആഗോള ക്രമം ഇനി നിലവിലില്ല. ഇപ്പോള്‍ നിലനില്‍ക്കുന്നത് ശക്തരുടെ നിയമമാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സുരക്ഷ ഉറപ്പാക്കുന്നതിലും അന്താരാഷ്ട്ര നിയമങ്ങളോടുള്ള സമീപനത്തിലും ഡൊണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടികളില്‍ വ്യക്തമായ അസംഗതികള്‍ കാണുന്നുണ്ടെന്നും ലാവ്രോവ് ചൂണ്ടിക്കാട്ടി.

യുക്രെയ്‌നിനെ ആയുധവത്ക്കരിക്കുകയും റഷ്യയുടെ സുരക്ഷാ ആശങ്കകള്‍ അട്ടിമറിക്കുകയും ചെയ്യുന്നതായി അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തി. യൂറോപ്യന്‍ നേതാക്കള്‍ റഷ്യയ്ക്കെതിരെ യുദ്ധത്തിനായി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജര്‍മ്മനി വീണ്ടും യൂറോപ്പിലെ ഏറ്റവും ശക്തമായ രാജ്യമാകണമെന്ന് ചാന്‍സലര്‍ ഫ്രിഡ്രിച് മെര്‍സ് പറയുന്നതായി ലാവ്രോവ് ചൂണ്ടിക്കാട്ടി. അതേസമയം റഷ്യയുമായി സംഭാഷണം നടത്താന്‍ ജര്‍മ്മനി തയ്യാറാകുന്നില്ലെന്നും ഇത് ഹിറ്റ്‌ലറെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചതിന് സമാനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

റഷ്യയും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ ക്രിമിനല്‍ സ്വഭാവമുള്ളതായിരിക്കും. ആണവ ശക്തികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ടെന്നും ലാവ്രോവ് മുന്നറിയിപ്പ് നല്‍കി.

ബ്രിക്‌സ് രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും ലാവ്രോവ് പരാമര്‍ശിച്ചു. ബ്രിക്‌സ് കൂട്ടായ്മ ഇപ്പോള്‍ ഏറ്റവും ശക്തമായ ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. നവ- കോളനിയല്‍ രീതികളിലൂടെ തങ്ങള്‍ ഇപ്പോഴും ചൂഷണം ചെയ്യപ്പെടുന്നുവെന്ന ബോധ്യത്തിലേക്ക് ആഫ്രിക്ക എത്തിക്കൊണ്ടിരിക്കുകയാണ്. ഈ ബോധം ഓരോ ദിവസവും വര്‍ധിച്ചുവരുന്നു എന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്ക ഒരു രണ്ടാം നവോഥാനത്തിലേക്ക് കടക്കുകയാണെന്നും ലാവ്രോവ് അഭിപ്രായപ്പെട്ടു.