റഷ്യന്‍ വ്യോമാക്രമണം; യുക്രെയ്‌നില്‍ ആറു മരണം, 20 പേര്‍ക്ക് പരിക്ക്

റഷ്യന്‍ വ്യോമാക്രമണം; യുക്രെയ്‌നില്‍ ആറു മരണം, 20 പേര്‍ക്ക് പരിക്ക്


കീവ്: യുക്രൈനിലെ വിവിധ മേഖലകളില്‍ റഷ്യ നടത്തിയ രാത്രികാല വ്യോമാക്രമണങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു.

തെക്കന്‍ തുറമുഖ നഗരമായ ഒഡേസയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാര്‍ക്കില്‍ മക്കളോടൊപ്പം നടക്കുകയായിരുന്ന ഒരു സ്ത്രീയും പരിക്കേറ്റവരില്‍ ഉള്‍പ്പെട്ടതായി ഒഡേസ പ്രാദേശിക സൈനിക ഭരണകൂട മേധാവി ഒലെഹ് കിപര്‍ അറിയിച്ചു.

സമീപത്തെ തുറമുഖ നഗരമായ മൈകോലൈവില്‍ ഡ്രോണ്‍ ആക്രമണത്തില്‍ സിവിലിയന്‍ പതാകയുള്ള മൂന്ന് കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അവയില്‍ ഒരു കപ്പലിലുണ്ടായിരുന്ന രണ്ട് യുക്രെയ്ന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

സപ്പോറിഷിയ മേഖലയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു.

വടക്കുകിഴക്കന്‍ ഖാര്‍കീവ് മേഖലയില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സമീപത്തെ സുമി മേഖലയില്‍ റഷ്യ 15 ഗ്ലൈഡ് ബോംബുകള്‍ പ്രയോഗിച്ചതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ക്കും പൊതുമേഖലാ അടിസ്ഥാനസൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സെലന്‍സ്‌കി പറഞ്ഞു.

രാത്രിയിലുടനീളം റഷ്യ 130-ലധികം ഡ്രോണുകളും എട്ട് മിസൈലുകളും പ്രയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഒഡേസയിലെ യുക്രെയ്ന്‍ സൈന്യം ഉപയോഗിക്കുന്ന തുറമുഖ അടിസ്ഥാന സൗകര്യങ്ങളും ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രവും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ ഒഡേസ തുറമുഖത്തിന് കേടുപാടുകള്‍ സംഭവിച്ചതായി യുക്രെയ്ന്‍ സ്ഥിരീകരിച്ചിട്ടില്ല.

റഷ്യന്‍ ആക്രമണത്തിന് മറുപടിയായി കരിങ്കടലില്‍ റഷ്യന്‍ കപ്പലുകള്‍ ലക്ഷ്യമിട്ട് യുക്രെയ്ന്‍ ആക്രമണം നടത്തിയതായി യുക്രെയ്ന്‍ ഡ്രോണ്‍ സേനാ മേധാവി റോബര്‍ട്ട് ബ്രോവ്ഡി അറിയിച്ചു.

ഒമ്പത് ചരക്കുകപ്പലുകള്‍, ഒരു എണ്ണ ടാങ്കര്‍, ഒരു വാതക ഗതാഗത കപ്പല്‍, ഒരു ടഗ് ബോട്ട് എന്നിവയുള്‍പ്പെടെ നിരവധി റഷ്യന്‍ കപ്പലുകളെയാണ് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈ 6 മുതല്‍ കരിങ്കടലിലും അസോവ് കടലിലുമായി 159 റഷ്യന്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായി ബ്രോവ്ഡി അവകാശപ്പെട്ടു. എന്നാല്‍ ഈ കണക്ക് സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അതേസമയം, റഷ്യയുടെ അതിര്‍ത്തിക്കുള്ളില്‍ യുക്രെന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 800 കിലോമീറ്റര്‍ അകലെയുള്ള എംഗല്‍സ് വ്യോമതാവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന റഷ്യയുടെ തന്ത്രപ്രധാനമായ ടു-95 ബോംബര്‍ വിമാനം യുക്രെയ്ന്‍ നശിപ്പിച്ചതായി പ്രസിഡന്റ് സെലന്‍സ്‌കി സമൂഹമാധ്യമമായ എക്‌സിലൂടെ അവകാശപ്പെട്ടു.