പുടിന്റെ വസതിക്കു നേരെ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ദൃശ്യം റഷ്യ പുറത്തുവിട്ടു

പുടിന്റെ വസതിക്കു നേരെ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ദൃശ്യം റഷ്യ പുറത്തുവിട്ടു


മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വസതിക്കു നേരെ ആക്രമണം നടത്താന്‍ യുക്രെയ്ന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ഡ്രോണിന്റെ വീഡിയോ ദൃശ്യം റഷ്യ പുറത്തു വിട്ടു. വീഡിയോയില്‍ വനപ്രദേശത്ത് മഞ്ഞു വീഴ്ചയില്‍ കിടക്കുന്ന തകര്‍ന്ന ഒരു ഡ്രോണ്‍ ആണ് കാണുന്നത്. കഴിഞ്ഞ ദിവസമാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഡ്രോണിന്റെ വീഡിയോ പുറത്തുവിട്ടത്. ആക്രമണം നടത്താന്‍ ഉപയോഗിച്ചതാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. 

സ്‌ഫോടക ശേഷിയുള്ള ഡ്രോണാണ് ഇതെന്നാണ് റഷ്യ വ്യക്തമാക്കിയത്. എന്നാല്‍ റഷ്യന്‍ പരാമര്‍ശത്തെ നുണയെന്നാണ് യുക്രെയ്ന്‍ വിശേഷിപ്പിച്ചത്. സമാധാന ശ്രമങ്ങളെ പാളം തെറ്റിക്കാനുള്ള റഷ്യയുടെ ശ്രമമാണ് ഈ വീഡിയോ എന്നാണ് യുറോപ്യന്‍ യൂണിയന്‍ വാദിക്കുന്നത്. 

ഡ്രോണ്‍ ആക്രമണത്തെ ഭീകരാക്രമണം എന്നും പുടിനെതിരായ വ്യക്തിപരമായ ആക്രമണം എന്നുമായിരുന്നു നേരത്തെ റഷ്യ പ്രതികരിച്ചത്. ഡിസംബര്‍ 28ന് വൈകിട്ട് 7 മണിയോടെയാണ് ആക്രമണം ആരംഭിച്ചതെന്നും പുടിന്റെ വസതിക്ക് നേരെ കൂട്ട ഡ്രോണ്‍ വിക്ഷേപണം ആയിരുന്നു എന്നും എന്നാല്‍ പുടിന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.