സമാധാന ചർച്ചകൾക്കിടെ കീവ് നഗരത്തിലേക്ക് റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണം

സമാധാന ചർച്ചകൾക്കിടെ കീവ് നഗരത്തിലേക്ക് റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണം


കീവ്:  യുക്രെയ്ൻ തലസ്ഥാനമായ കീവ് നഗരത്തിലേക്ക് റഷ്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. യുദ്ധം അവസാനിപ്പിക്കാനുള്ള ലക്ഷ്യത്തോടെ യുഎസ്, റഷ്യ, യുക്രെയ്ൻ പ്രതിനിധികൾ പങ്കെടുത്ത ത്രിപക്ഷ ചർച്ചകൾ അവസാനിച്ചതിന് മണിക്കൂറുകൾക്കകമാണ് ആക്രമണം ഉണ്ടായത്.

യുക്രെയ്ൻ വ്യോമസേന കീവ് നഗരത്തിലേക്ക് മിസൈലുകളും ഡ്രോണുകളും എത്തിയതായി സ്ഥിരീകരിച്ചു. തുടർന്ന് നഗരത്തിൽ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കി.  ശക്തമായ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി കീവിൽ നിന്ന് റിപ്പോർട്ട് ചെയ്ത സിഎൻഎൻ മാധ്യമപ്രവർത്തകർഅറിയിച്ചു.

 ആക്രമണത്തിൽ കുറഞ്ഞത് 11 പേർക്ക് പരിക്കേറ്റതായി കീവ് മേയർ വിറ്റാലി ക്ലിച്ച്‌കോ അറിയിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ഹോളോസിവ്‌സ്‌കി ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അബൂദബിയിൽ നടന്ന യുഎസ്-റഷ്യ-യുക്രെയ്ൻ ചർച്ചകളുടെ ആദ്യ ദിവസം അവസാനിച്ചതിന് പിന്നാലെയാണ് ആക്രമണം. ചർച്ചകൾ ശനിയാഴ്ചയും തുടരുമെന്ന് പ്രതിനിധികൾ അറിയിച്ചിരുന്നു.

സമാധാന ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായതെന്നത് അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കീവിലെ സുരക്ഷാ സാഹചര്യം അധികൃതർ നിരന്തരം വിലയിരുത്തുകയാണെന്ന് യുക്രെയ്ൻ ഭരണകൂടം അറിയിച്ചു.