ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മരിച്ചെന്ന അവകാശവാദം ഉയര്‍ന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്കകള്‍ ശക്തമായി. എന്നാല്‍ ഇമ്രാന്‍ ഖാന്‍ മരിച്ചതായി സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പി ടി ഐ) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ആരോഗ്യനില മോശമാണെന്ന റിപ്പോര്‍ട്ടുകളും കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും നടത്തിയ പ്രതിഷേധങ്ങളും തുടരുന്നതിനിടെയാണ് പാകിസ്താന്‍ മാധ്യമ പ്രവര്‍ത്തകന്‍ വജാഹത്ത് സഈദ് ഖാന്‍ പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.
അമേരിക്കയില്‍ കഴിയുന്ന, എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള മാധ്യമ പ്രവര്‍ത്തകനായ വജാഹത്ത്, ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ മരിച്ചിരിക്കാമെന്ന് അവകാശപ്പെട്ടു. 'മുതിര്‍ന്ന മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ ഇമ്രാന്‍ ഖാന്‍ ഇനി നമ്മോടൊപ്പമില്ലെന്ന് തന്നോട് പറഞ്ഞതായി' വജാഹത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തെ ജനറല്‍ സ്റ്റാഫ്, മിലിട്ടറി ഇന്റലിജന്‍സ്, സി4ഐ ഡയറക്ടറേറ്റുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമായും നടത്തിയ സംഭാഷണങ്ങളാണ് തന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ഇമ്രാന്‍ ഖാന്‍ മരിച്ചെന്ന വിവരം ഈ സ്രോതസ്സുകള്‍ക്ക് സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വജാഹത്ത് തന്നെ വ്യക്തമാക്കി. 'വ്യക്തമായി പറയാം. ഇമ്രാന്‍ ഖാന്‍ മരിച്ചെന്ന് അവര്‍ സ്ഥിരീകരിച്ചിട്ടില്ല,' അദ്ദേഹം പറഞ്ഞു.
'റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സുമായി ബന്ധപ്പെട്ട മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യത്യസ്ത രീതികളില്‍ ഇമ്രാന്‍ ഖാന്‍ ഇനി നമ്മോടൊപ്പമില്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പാകിസ്താന്‍ സൈന്യവും സൈനിക മേധാവിയും അദ്ദേഹത്തെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തുന്നതെന്നും അവര്‍ കരുതുന്നു. ഇത് ഗൗരവമുള്ള കാര്യമാണ്. അത് സത്യമാകാതിരിക്കട്ടെയെന്നാണ് എന്റെ പ്രതീക്ഷ. നിലവില്‍ സ്ഥിരീകരണമില്ല,'' ആഗസ്റ്റ് 10ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വജാഹത്ത് പറഞ്ഞു.
അതേസമയം, ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളാകുന്നതായി ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്കും പി ടി ഐ നേതാക്കള്‍ക്കും അനുമതി നല്‍കിയില്ലെന്ന ആരോപണം ചൊവ്വാഴ്ച വീണ്ടും ഉയര്‍ന്നു. ഇതോടെ അദ്ദേഹത്തിന്റെ തടങ്കല്‍ സംബന്ധിച്ച സാഹചര്യങ്ങളും ആശങ്ക വര്‍ധിപ്പിച്ചു.
കുടുംബാംഗങ്ങളെ കാണുന്നതില്‍ അധികൃതര്‍ തടസ്സം സൃഷ്ടിക്കുന്നതായി ഇമ്രാന്‍ ഖാന്‍ നേരത്തെയും പലതവണ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വ്യക്തമായ വിവരം പുറത്തുവിടണമെന്ന ആവശ്യം ശക്തമായതോടെ പാകിസ്താന്‍ അധികൃതര്‍ കടുത്ത സമ്മര്‍ദത്തിലാണ്.
73കാരനായ ഇമ്രാന്‍ ഖാന്‍ 2023 ആഗസ്റ്റ് 5നാണ് ജയിലിലായത്. 190 ദശലക്ഷം പൗണ്ട് മൂല്യമുള്ള അല്‍-ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ 14 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ് അദ്ദേഹം.
കേസില്‍ ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്റ ബീബിക്കും ഏഴ് വര്‍ഷം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റിലായ ബുഷ്റ ബീബിയും ഇമ്രാന്‍ ഖാനും തങ്ങള്‍ക്കെതിരായ ശിക്ഷാവിധിയെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
