നയ്പിഡോ: റോഹിങ്ക്യന്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരായ വംശഹത്യയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിന്യായ കോടതിയായ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ) പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കില്ലെന്ന് മ്യാന്‍മര്‍ പ്രസിഡന്റ് മിന്‍ ഓങ് ഹ്ലെയിങ്. ഉത്തരവുകളില്‍ അനുചിതമെന്ന് കരുതുന്നവ പാലിക്കില്ലെന്നും ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ കോടതിയുടെ ഏത് നിര്‍ദേശങ്ങളെയാണ് തന്റെ ഭരണകൂടം അനുചിതമായി കാണുന്നതെന്ന് അദ്ദേഹം വിശദീകരിച്ചില്ല. 2017-ല്‍ റോഹിങ്ക്യകള്‍ക്കെതിരെ മ്യാന്‍മര്‍ സൈന്യം നടത്തിയ അടിച്ചമര്‍ത്തല്‍ നടപടികള്‍ വംശഹത്യയായിരുന്നുവെന്ന് കഴിഞ്ഞയാഴ്ച ഐ സി ജെ വിധിച്ചിരുന്നു.
2016 മുതല്‍ 2018 വരെ റാഖൈന്‍ സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ സുരക്ഷാസേന നടത്തിയ നടപടികള്‍ തീവ്രവാദ സംഘടനയ്‌ക്കെതിരായ ഭീകരവിരുദ്ധ നീക്കങ്ങളായിരുന്നുവെന്നാണ് മ്യാന്‍മറിന്റെ വാദം. വംശഹത്യാ ലക്ഷ്യത്തോടെയായിരുന്നില്ല സൈനിക നടപടികളെന്നും അവ പരിമിതമായ പ്രദേശത്തും ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടുനിന്നതുമായിരുന്നുവെന്നുമാണ് മ്യാന്‍മര്‍ വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നത്.
റോഹിങ്ക്യന്‍ വിഭാഗത്തിനും അതിലെ അംഗങ്ങള്‍ക്കും നേരിട്ട നാശനഷ്ടങ്ങള്‍ക്ക് മ്യാന്‍മര്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചു. 2017-ലെ സൈനിക നടപടികള്‍ക്കിടെ വംശഹത്യ നടത്തിയതായി സംശയിക്കപ്പെടുന്നവര്‍ക്കെതിരെ അന്വേഷണം ആരംഭിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വംശഹത്യാ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് ന്യായമായ കാരണങ്ങളാല്‍ സംശയിക്കപ്പെടുന്ന എല്ലാവരെയും അടിയന്തരമായും ഫലപ്രദമായും അന്വേഷിക്കണമെന്നും കുറ്റം തെളിയുന്ന പക്ഷം വിചാരണ നടത്തി ശിക്ഷിക്കണമെന്നും ഐ സി ജെ പ്രസിഡന്റ് യുജി ഇവാസാവ വ്യക്തമാക്കി.
2017-ലെ സൈനിക അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് രാജ്യംവിട്ട റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മടക്കത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മ്യാന്‍മറിനകത്തോ വിദേശത്തോ അഭയാര്‍ഥികളായി കഴിയുന്ന റോഹിങ്ക്യകള്‍ക്ക് സുരക്ഷിതമായും സ്വന്തം ഇഷ്ടപ്രകാരവും അന്തസ്സോടെയും സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിനും കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിക്കുന്നതിനും സാഹചര്യമൊരുക്കണം.
കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍, നിര്‍ദേശിക്കപ്പെട്ട നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എന്നിവ സംബന്ധിച്ച് രണ്ടുവര്‍ഷത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മ്യാന്‍മറിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിധിക്കു പിന്നാലെ മ്യാന്‍മറിലെ അഞ്ച് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തി. മ്യോ ഹ്തൂത് ഹ്ലെയിങ്, മ്യോ മിന്‍ തുന്‍, മ്യാത് തത് ഓ, ക്യാവ് സോ, ക്യാവ് സ്വാര്‍ ഓ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് അറിയിച്ചു.
വിധിക്കു പിന്നാലെ മ്യാന്‍മറിന്റെ പ്രതിരോധ അറ്റാഷെയെ ബ്രിട്ടന്‍ രാജ്യത്തുനിന്ന് പുറത്താക്കുകയും ചെയ്തു. 2017-ലെ വംശഹത്യ നടന്ന സമയത്ത് സൈനിക മേധാവിയായിരുന്ന മ്യാന്‍മര്‍ പ്രസിഡന്റ് മിന്‍ ഓങ് ഹ്ലെയിങ് നിരവധി അതിക്രമങ്ങള്‍ക്ക് നേരിട്ട് ഉത്തരവാദിയാണെന്നും മിലിബാന്‍ഡ് ആരോപിച്ചു. 2021-ല്‍ത്തന്നെ ബ്രിട്ടന്‍ അദ്ദേഹത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
അതിനിടെ, 6,500-ലധികം മ്യാന്‍മര്‍ കുടിയേറ്റക്കാരെ പുതിയ ഘട്ടത്തില്‍ തിരിച്ചയയ്ക്കുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. സെപ്റ്റംബര്‍ അവസാനത്തോടെ ഏകദേശം 1,500 മ്യാന്‍മര്‍ പൗരന്മാരെ മലേഷ്യ ഇതിനകം തിരിച്ചയച്ചിരുന്നു.
പീഡനങ്ങളും സംഘര്‍ഷങ്ങളും കാരണം മ്യാന്‍മറില്‍നിന്ന് പലായനം ചെയ്തവര്‍ക്ക് മലേഷ്യ നേരത്തേ അഭയം നല്‍കിയിരുന്നു. എന്നാല്‍ ദീര്‍ഘകാലമായി തുടരുന്ന അഭയാര്‍ഥി പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ഇപ്പോള്‍ രാജ്യം ശ്രമിക്കുന്നത്.
