കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിനുള്ളില്‍ കടുത്ത അധികാര പോര് നടക്കുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദയും കാബൂള്‍ ആസ്ഥാനമായ താലിബാന്‍ നേതാക്കളും തമ്മിലുള്ള ഭിന്നതയാണ് രാജ്യവ്യാപക ഇന്റര്‍നെറ്റ് വിലക്കിലൂടെ പുറംലോകത്തേക്കുവന്നതെന്ന് ബിബിസി നടത്തിയ അന്വേഷണം വെളിപ്പെടുത്തുന്നു. 'അകത്തെ ഭിന്നതകള്‍ തുടര്‍ന്നാല്‍ ഇസ്‌ലാമിക് എമിറേറ്റ് തകര്‍ന്നുപോകും' എന്ന് 2025 ജനുവരിയില്‍ കന്ദഹാറിലെ ഒരു മദ്രസയില്‍ നടത്തിയ പ്രസംഗത്തില്‍ അഖുന്ദ്‌സാദ, മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ ശബ്ദരേഖയാണ് ഇപ്പോള്‍ ബിബിസി പുറത്തുവിട്ടത്.
ഒരു വര്‍ഷക്കാലം ബിബിസി നടത്തിയ അന്വേഷണത്തില്‍ താലിബാന്‍ നേതൃത്വത്തില്‍ രണ്ട് ശക്തികേന്ദ്രങ്ങള്‍ നിലനില്‍ക്കുന്നുവെന്നാണ് കണ്ടെത്തിയത്. കന്ദഹാറില്‍ നിന്ന് അഖുന്ദ്‌സാദയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര നിലപാടുകളുള്ളവര്‍ രാജ്യത്തെ കടുത്ത മതനിയമങ്ങളിലൂടെ ഒറ്റപ്പെട്ട ഇസ്‌ലാമിക് രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു. മറുവശത്ത്, കാബൂളില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ ഗനി ബരാദര്‍, സിറാജുദ്ദീന്‍ ഹഖാനി, യാക്കൂബ് മുജാഹിദ് എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം അന്താരാഷ്ട്ര ബന്ധങ്ങളും സാമ്പത്തിക പുരോഗതിയും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും ആവശ്യപ്പെടുന്ന കൂടുതല്‍ 'പ്രായോഗിക' സമീപനമാണ് സ്വീകരിക്കുന്നത്.
2025 സെപ്റ്റംബര്‍ അവസാനം അഖുന്ദ്‌സാദ രാജ്യത്ത് മുഴുവന്‍ ഇന്റര്‍നെറ്റും ഫോണ്‍ സേവനങ്ങളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടപ്പോള്‍ ആയിരുന്നു ഈ ഭിന്നത രൂക്ഷമായി മാറിയത്. ഇന്റര്‍നെറ്റ് ഇല്ലാതെ ഭരണവും വ്യാപാരവും സ്തംഭിച്ചതോടെ കാബൂള്‍ വിഭാഗത്തിലെ മന്ത്രിമാര്‍ ഒന്നിച്ച് ചേര്‍ന്ന് പ്രധാനമന്ത്രി മുല്ല ഹസന്‍ അഖുന്ദിനെ ഉപയോഗിച്ച് ആ ഉത്തരവ് റദ്ദാക്കിച്ചു. മൂന്നു ദിവസത്തിനകം ഇന്റര്‍നെറ്റ് തിരികെ കൊണ്ടുവന്നത് താലിബാന്‍ ചരിത്രത്തിലെ അപൂര്‍വമായ അനുസരണക്കേടായി കണക്കാക്കപ്പെടുന്നു.
2021ല്‍ അധികാരം പിടിച്ചതിന് ശേഷം അഖുന്ദ്‌സാദ കാബൂളില്‍ നിന്ന് മാറി കന്ദഹാറില്‍ നിന്നാണ് അധികാരം നിയന്ത്രിച്ചത്. സുരക്ഷാസേനകള്‍, ആയുധവിതരണം, മതനയം എന്നിവയെല്ലാം നേരിട്ട് തന്റെ നിയന്ത്രണത്തിലാക്കി. സ്ത്രീകളുടെ വിദ്യാഭ്യാസനിഷേധം, ജോലി വിലക്ക് തുടങ്ങിയ കര്‍ശന ഉത്തരവുകള്‍ കാബൂള്‍ മന്ത്രിമാരോട് കൂടിയാലോചിക്കാതെ പ്രഖ്യാപിച്ചതാണ് സംഘര്‍ഷം വര്‍ധിപ്പിച്ചത്. അതേസമയം ഹഖാനി, യാക്കൂബ്, ബരാദര്‍ എന്നിവര്‍ രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ സ്വീകരിക്കപ്പെടുന്ന മുഖങ്ങളായി മാറാന്‍ ശ്രമിക്കുകയുമാണ്.
ഇന്റര്‍നെറ്റ് വിഷയത്തിന് പിന്നാലെ ഇരുപക്ഷവും പരോക്ഷമായി പരസ്പരം വിമര്‍ശിച്ചു. ഹഖാനി 'ജനങ്ങളെ ഉപേക്ഷിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ അല്ല' എന്നു പറഞ്ഞപ്പോള്‍, അഖുന്ദ്‌സാദ അനുകൂല നേതാക്കള്‍ 'ഏക നേതാവിനോടുള്ള അനുസരണമാണ് ഇസ്‌ലാമിക ഭരണത്തിന്റെ അടിസ്ഥാനം' എന്നാണ് പ്രതികരിച്ചത്. ഔദ്യോഗികമായി താലിബാന്‍ ഐക്യം അവകാശപ്പെടുന്നുണ്ടെങ്കിലും, അകത്തെ പൊട്ടല്‍ കൂടുതല്‍ തുറന്നതാകുകയാണ്. 2026ല്‍ ഈ ഭിന്നതകള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും ജനങ്ങളുടെയും ജീവിതത്തില്‍ യഥാര്‍ത്ഥ മാറ്റമുണ്ടാക്കുമോ, അതോ അധികാരപോരാട്ടം വാക്കുകളില്‍ മാത്രം ഒതുങ്ങുമോ എന്നതാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.
താലിബാനില്‍ അധികാര പോര്: ഇന്റര്‍നെറ്റ് വിലക്കിലൂടെ പുറത്തുവന്നത് അകത്തെ ഭിന്നത
