വാഷിംഗ്ടൺ/ടെക്‌സാസ്: ഇറാനിലെ നിലവിലെ ഭരണകൂടവുമായി കരാർ ഒപ്പിടരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അഭ്യർത്ഥിച്ച് മുൻ ഷായുടെ മകൻ റെസ് പെഹ്‌ലവി രംഗത്ത്. ടെക്‌സാസിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസ് (CPAC) വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനിൽ ഭരണപരിവർത്തനം വേണമെന്ന് ആവശ്യപ്പെട്ട പഹ്ലവി, 'ഇറാനെ വീണ്ടും മഹത്തായ രാഷ്ട്രമാക്കും' എന്നും പ്രഖ്യാപിച്ചു. നിലവിലെ ഭരണകൂടം ചർച്ചകൾ നടത്തുന്നതായി നടിക്കുന്നതുപോലെ കാണിച്ചാലും പിന്നീട് അമേരിക്കക്കും അതിന്റെ താൽപര്യങ്ങൾക്കും ഭീഷണിയാകും എന്നും അദ്ദേഹം ആരോപിച്ചു.
47 വർഷങ്ങൾക്ക് ശേഷം ഇറാനിലേക്ക് മടങ്ങാൻ താൻ തയ്യാറാണെന്നും പഹ്ലവി പറഞ്ഞു. 'സ്വതന്ത്ര ഇറാൻ അടുത്തെത്തിയിരിക്കുകയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലുമായി സൗഹൃദബന്ധമുള്ള പുതിയ മിഡിൽ ഈസ്റ്റ് സൃഷ്ടിക്കണമെന്ന ലക്ഷ്യവും അദ്ദേഹം മുന്നോട്ടുവച്ചു.
അതേസമയം, പഹ്ലവിയെ ഭാവി നേതാവായി അംഗീകരിക്കാൻ ഡോണൾഡ് ട്രംപ് തയ്യാറായിട്ടില്ല. ഇറാനിൽ നിന്നുള്ള ഒരാൾ തന്നെ നേതാവാകുന്നതാണ് നല്ലതെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
ഇതിനിടെ, ഇറാന്റെ പരമോന്നത നേതാവ് അലി ഖമെനെയിയുടെ മരണത്തിന് പിന്നാലെ പുതിയ നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാണ്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫിനെ സാധ്യതയുള്ള നേതാവായി അമേരിക്ക പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ രാഷ്ട്രീയഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.
ഇറാൻ ഭരണകൂടവുമായി കരാർ വേണ്ട: ട്രംപിനോട് റെസാ പഹ്ലവി; 'ഇസ്രയേലിന്റെ സുഹൃത്ത്' ആയ പുതിയ ഇറാൻ സ്വപ്‌നം
