അമേരിക്കൻ ആക്രമണത്തിന് പ്രതികാരം; ഗൾഫ് മേഖലയിൽ വ്യാപക ആക്രമണം നടത്തിയെന്ന് ഇറാന്റെ അവകാശവാദം

അമേരിക്കൻ ആക്രമണത്തിന് പ്രതികാരം; ഗൾഫ് മേഖലയിൽ വ്യാപക ആക്രമണം നടത്തിയെന്ന് ഇറാന്റെ അവകാശവാദം


ടെഹ്രാൻ : അമേരിക്കയുടെ ആക്രമണത്തിൽ പൗരന്മാർ കൊല്ലപ്പെട്ടതിനു പ്രതികാരമായി  ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. കുവൈത്ത്, സിറിയ, ഒമാൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സ്ഥിരീകരിച്ചപ്പോൾ, ബഹ്രൈൻ, ഖത്തർ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മേഖലയിൽ സൈനിക സംഘർഷം വീണ്ടും രൂക്ഷമായത്.

ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനയിൽ, കുവൈത്തിലെ അമേരിക്കൻ സൈനിക താവളങ്ങളും ലോജിസ്റ്റിക് കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതായി അറിയിച്ചു. 'അഹങ്കാരിയായ ശത്രുവിന്റെ കുറ്റകൃത്യങ്ങൾക്കുള്ള മറുപടിയായും രാജ്യത്തിനവേണ്ടി ജീവത്യാഗം ചെയ്തവരുടെ രക്തത്തിന് പ്രതികാരമായുമാണ് ആക്രമണം നടത്തിയത്' എന്നും പ്രസ്താവനയിൽ പറയുന്നു.

സിറിയയിലെ അൽതൻഫ് മേഖലയിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിന് നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡും അറിയിച്ചു. ഇറാനിലെ സൈനികരുടെ മരണത്തിനുള്ള പ്രതികാരമായാണ് നടപടിയെന്നും അവർ വ്യക്തമാക്കി.

ഒമാനിലെ സലാമ റോക്‌സ് മേഖലയിലെ സമുദ്രനിരീക്ഷണ റഡാറും ഘനം മേഖലയിലെ അമേരിക്കൻ വ്യോമനിരീക്ഷണ റഡാറും തകർത്തതായി ഇറാൻ അവകാശപ്പെട്ടു.

അതേസമയം, ജോർദാന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ച മൂന്ന് ഇറാനിയൻ മിസൈലുകൾ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം അറിയിച്ചു.

ഇറാഖിലെ എർബിലിന് മുകളിലൂടെ എത്തിയ സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ച എട്ട് ഡ്രോണുകൾ സഖ്യസേന തകർത്തതായി കുർദ് ഭീകരവിരുദ്ധ സേനയും അറിയിച്ചു.

ഖത്തർ തലസ്ഥാനമായ ദോഹയിലും ബഹ്‌റൈനിലും സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഖത്തറിലെ വ്യോമതാവളത്തിൽ ഉണ്ടായിരുന്ന അമേരിക്കൻ സൈനിക വിമാനങ്ങളും ഹെലികോപ്ടറുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതിനിടെ, ജൂൺ 22 മുതൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ 38 പേർ കൊല്ലപ്പെടുകയും 400ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും 18 വയസ്സിൽ താഴെയുള്ള ഒരാളും ഉൾപ്പെട്ടിട്ടുണ്ടെന്നും, പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്നും മന്ത്രാലയ വക്താവ് ഹൊസൈൻ കെർമാൻപൂർ അറിയിച്ചു.