ദാര്‍ എസ് സലാം: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ മൗണ്ട് കിലിമഞ്ജാരോയില്‍ രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് സംഭവിച്ച അപകടം, വിനോദസഞ്ചാരികള്‍ കൂടുതലായി കയറുന്ന ബാരഫു ക്യാമ്പിനും കിബോ സമിറ്റിനുമിടയിലാണ് ഉണ്ടായത്.
പര്‍വതത്തില്‍ അസുഖബാധിതരായവരെ മെഡിക്കല്‍ എവാക്വേഷനിലൂടെ മാറ്റുന്ന ദൗത്യത്തിനിടെയാണ് അപകടമെന്ന് പോലീസ് അറിയിച്ചു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ട് വിദേശികള്‍ ഉള്‍പ്പെടെ എല്ലാവരും മരണപ്പെട്ടു. ഒരു പ്രാദേശിക ഡോക്ടര്‍, ടൂര്‍ ഗൈഡ്, പൈലറ്റ് എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേര്‍.
ഏകദേശം 4,000 മീറ്ററിലധികം ഉയരത്തിലുള്ള പ്രദേശത്താണ് അപകടം നടന്നതെന്ന് കിലിമഞ്ജാരോ മേഖല പോലീസ് കമാന്‍ഡര്‍ സൈമണ്‍ മൈഗ്വ അറിയിച്ചു. കിലിമഞ്ജാരോ ഏവിയേഷന്‍ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മെഡിക്കല്‍ എവാക്വേഷന്‍ സേവനങ്ങള്‍ ഉള്‍പ്പെടെ വിവിധ വ്യോമസേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണിത്. എന്നാല്‍ അപകടത്തെക്കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ടാന്‍സാനിയ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അതോറിറ്റി വ്യക്തമാക്കി.
മൗണ്ട് കിലിമഞ്ജാരോയില്‍ വിമാനാപകടങ്ങള്‍ അപൂര്‍വമാണ്. 2008 നവംബറില്‍ നാല് പേര്‍ മരിച്ച അപകടമാണ് ഇവിടെ രേഖപ്പെടുത്തിയ അവസാന വ്യോമാപകടം.
കിലിമഞ്ജാരോയില്‍ രക്ഷാദൗത്യ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; അഞ്ച് പേര്‍ മരിച്ചു
