ഇറാഖിൽ യുഎസ് സൈനിക ഇന്ധനവിമാനം തകർന്നു വീണു; രക്ഷാപ്രവർത്തനം തുടരുന്നു

ഇറാഖിൽ യുഎസ് സൈനിക ഇന്ധനവിമാനം തകർന്നു വീണു; രക്ഷാപ്രവർത്തനം തുടരുന്നു


ബാഗ്ദാദ്: ഇറാഖിന്റെ പടിഞ്ഞാറൻ മേഖലയിലുണ്ടായ അപകടത്തിൽ യുഎസ് സൈനിക ഇന്ധനവിമാനം തകർന്നു വീണതായി അമേരിക്കൻ സൈന്യം അറിയിച്ചു. വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്.

 സംഭവത്തിൽ മറ്റൊരു വിമാനത്തിനും പങ്കുണ്ടായിരുന്നുവെങ്കിലും ശത്രുതാപരമായ ആക്രമണമോ 'ഫ്രണ്ട്‌ലി ഫയർ' സംഭവമോ അല്ലെന്ന്  അമേരിക്കൻ സൈന്യത്തിന്റെ മിഡിൽ ഈസ്റ്റ് കമാൻഡായ യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

അപകടത്തിൽ ആളപായമുണ്ടായോയെന്ന കാര്യത്തിൽ ഉടൻ വ്യക്തത ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

തകർന്നത് യുഎസ് വ്യോമസേനയുടെ ഇന്ധനം നിറയ്ക്കുന്നതിനുള്ള ബോയിംങ് കെ.സി -135 സ്ട്രാറ്റോ ടാങ്കർ വിമാനമാണെന്ന് സൈന്യം അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയതായും പ്രസ്താവനയിൽ പറയുന്നു.

ഇറാനെതിരായ അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് നൽകിയിരിക്കുന്ന ഓപ്പറേഷൻ എപിക് ഫ്യൂറി എന്ന ദൗത്യത്തിനിടെയാണ് അപകടം നടന്നത്.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം യുഎസിന്റെ നാലാമത്തെ വിമാനാപകടമാണ് തകരുന്നത്. ഇതിനുമുമ്പ്, ഈ മാസം തുടക്കത്തിൽ മൂന്ന് യുഎസ് യുദ്ധവിമാനങ്ങൾ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം തെറ്റിദ്ധരിച്ച് വെടിവെച്ച 'ഫ്രണ്ട്‌ലി ഫയർ' സംഭവത്തിൽ തകർന്നിരുന്നു. ആ സംഭവത്തിൽ വിമാനങ്ങളിലെ എല്ലാ സൈനികരും സുരക്ഷിതമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടിരുന്നു.

അമേരിക്ക-ഇസ്രയേൽ യുദ്ധത്തിൽ ഇതുവരെ ഏഴ് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം 150 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഇറാനിൽ മരണം 1300 കടന്നതായി രാജ്യത്തിന്റെ ഐക്യരാഷ്ട്രസഭയിലെ സ്ഥാനപതി അറിയിച്ചു.