തെഹ്‌റാന്‍: ആയത്തുല്ല അലി ഖാനേയിയുടെ അനുസ്മരണച്ചടങ്ങിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധിസംഘങ്ങള്‍ തെഹ്‌റാനിലെ ഗ്രാന്‍ഡ് മൊസല്ലയില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നത് തുടരുന്നു. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പ്രതിനിധികളെ ചടങ്ങിലേക്ക് അയച്ചിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധത്തില്‍ തങ്ങളാണ് വിജയിച്ചതെന്ന സന്ദേശം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഇറാന്‍ ഈ ചടങ്ങിനെ നയതന്ത്ര വേദിയായി ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ചടങ്ങില്‍ ഓരോ വിദേശ സര്‍ക്കാര്‍ പ്രതിനിധി സംഘവും ഖംനേയിയുടെയും കുടുംബാംഗങ്ങളുടെയും ശവപെട്ടിക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ പ്രത്യേക ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്തതാണ് ശ്രദ്ധേയമായത്. ഓരോ രാജ്യത്തിനും അതത് രാജ്യവുമായുള്ള ബന്ധത്തെയും ഭാവി നയതന്ത്ര സന്ദേശങ്ങളെയും സൂചിപ്പിക്കുന്ന തരത്തിലായിരുന്നു ഈ വചനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് വിലയിരുത്തല്‍.
സൗദി അറേബ്യന്‍ പ്രതിനിധിസംഘം ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോള്‍ സൂറത്ത് ആലു ഇംറാനിലെ 13-ാം വചനമാണ് പാരായണം ചെയ്തത്. ഇസ്ലാമിന്റെ ആദ്യ വിജയങ്ങളിലൊന്നായ ബദര്‍ യുദ്ധത്തെ പരാമര്‍ശിക്കുന്ന ഈ വചനം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടിയവരെയും അവിശ്വാസികളെയും കുറിച്ച് പറയുന്നതാണ്. അമേരിക്കയുമായുള്ള സൗദിയുടെ അടുത്ത ബന്ധത്തെയും ഇറാനെതിരായ അമേരിക്കന്‍ നടപടികള്‍ക്ക് സൗദി പിന്തുണ നല്‍കിയെന്ന റിപ്പോര്‍ട്ടുകളെയും പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു ഈ തെരഞ്ഞെടുപ്പെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ പ്രതിനിധിസംഘം ആദരാഞ്ജലി അര്‍പ്പിച്ചപ്പോള്‍ സൂറത്ത് ആലു ഇംറാനിലെ 173-ാം വചനമാണ് പാരായണം ചെയ്തത്.
'ജനങ്ങള്‍ നിങ്ങൾക്കെതിരെ ഒന്നിച്ചുകൂടിയിരിക്കുന്നു; അവരെ ഭയപ്പെടുക എന്ന് പറയപ്പെട്ടപ്പോള്‍ അത് അവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. 'ഞങ്ങള്‍ക്ക് അല്ലാഹു മതി; അവനാണ് ഏറ്റവും ഉത്തമനായ കാര്യനിര്‍വാഹകന്‍' എന്നാണ് അവര്‍ പറഞ്ഞത്.'
ഭീഷണികള്‍ക്കുമുന്നില്‍ ഭയപ്പെടാതെ അല്ലാഹുവില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച വിശ്വാസികളെ ആദരിക്കുന്ന വചനമാണിത്. അമേരിക്കയുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇറാനുമായും ഇന്ത്യ നയതന്ത്ര ബന്ധം തുടര്‍ന്നതും, ഇന്ത്യന്‍ ഷിയാ സമൂഹത്തിന്റെ പിന്തുണയും ഈ വചനത്തിലൂടെ പരോക്ഷമായി സൂചിപ്പിക്കുന്നതാകാമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
അമേരിക്കയും ഇറാനും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ പ്രധാന പങ്കുവഹിച്ച പാകിസ്ഥാനുവേണ്ടി, അല്ലാഹുവിന്റെ അനുഗ്രഹവും പിന്തുണയും അഭ്യര്‍ഥിക്കുന്ന ഖുര്‍ആന്‍ വചനമാണ് പാരായണം ചെയ്തത്.
ഇറാന്റെ പ്രധാന സാമ്പത്തിക പങ്കാളികളിലൊന്നായ ചൈനയ്ക്കായി, 'വിജയം അല്ലാഹുവില്‍ നിന്നു മാത്രമാണ്' എന്ന ആശയം ഉള്‍ക്കൊള്ളുന്ന വചനമാണ് തെരഞ്ഞെടുത്തത്.
അഫ്ഗാനിസ്ഥാനുവേണ്ടി സൂറത്ത് അല്‍-ഫത്ഹിലെ 1-2 വചനങ്ങളാണ് പാരായണം ചെയ്തത്. ഇത് അഫ്ഗാനിസ്ഥാനിലെ നിലവിലെ ഭരണകൂടവുമായി ഭാവിയിലും സഹകരണം തുടരാനുള്ള ഇറാന്റെ നിലപാടിന്റെ സൂചനയായാണ് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്.
അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളിലൊന്നായ ഖത്തറിനായി സൂറത്ത് അല്‍-ഫത്ഹില്‍ നിന്നുള്ള മറ്റൊരു വചനമാണ് വായിച്ചത്. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ബന്ധത്തെ പരോക്ഷമായി പരാമര്‍ശിക്കുന്ന സന്ദേശമാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഈജിപ്തിനായി സ്വര്‍ഗീയ പ്രതിഫലവും ദൈവപ്രീതിയും വിവരിക്കുന്ന ഖുര്‍ആന്‍ വചനമാണ് പാരായണം ചെയ്തത്.
ഇറാഖിനായി സൂറത്ത് അല്‍-ബഖറയിലെ 154-ാം വചനവും, തുര്‍ക്കിക്കായി സൂറത്ത് അന്‍-നിസാഇലെ 95-ാം വചനവും പാരായണം ചെയ്തു. യുദ്ധകാലത്ത് സ്വീകരിച്ച നിലപാടുകളെ പരോക്ഷമായി ഓര്‍മിപ്പിക്കുന്ന സന്ദേശങ്ങളായാണ് ഇവ വിലയിരുത്തപ്പെടുന്നത്.
