ബീജിംങ്: വെനിസ്വേലയിലെ യുഎസ് സൈനിക ആക്രമണത്തെയും മുൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ സംഭവത്തിനെതിരെ ചൈന കടുത്ത ഭാഷയിൽ പ്രതികരിച്ചു. മഡൂറോയുടെയും ഭാര്യയുടെയും സുരക്ഷ ഉറപ്പാക്കുകയും അവരെ ഉടൻ വിട്ടയക്കുകയും ചെയ്യണമെന്ന് ചൈന ആവശ്യപ്പെട്ടു. വെനിസ്വേലയിലെ ഭരണകൂടം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് സംഭാഷണവും ചർച്ചയും വഴിയാണ് പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
മഡൂറോയെയും ഭാര്യയെയും ബലപ്രയോഗത്തിലൂടെ പിടികൂടി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയ യുഎസിന്റെ നടപടി അത്യന്തം ഗൗരവത്തോടെ കാണുന്നുവെന്ന് ചൈന അറിയിച്ചു. ഈ നീക്കം അന്താരാഷ്ട്ര നിയമത്തിനും രാജ്യങ്ങൾ തമ്മിലുള്ള അടിസ്ഥാന നയങ്ങൾക്കും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ ലക്ഷ്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. യുഎസിന്റെ നടപടി മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നതാണെന്നും ചൈന അഭിപ്രായപ്പെട്ടു.
വെനിസ്വേലയിലെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ അനുവദനീയമല്ലെന്ന് ആവർത്തിച്ച ചൈന, ബലം പ്രയോഗിക്കുന്ന നയങ്ങൾ ഉപേക്ഷിച്ച് രാഷ്ട്രീയ പരിഹാരത്തിലേക്ക് നീങ്ങണമെന്ന് യുഎസിനോട് ആവശ്യപ്പെട്ടു.
മഡൂറോയെയും ഭാര്യയെയും ഉടൻ വിട്ടയക്കണം'; യുഎസ് നടപടിയിൽ കടുത്ത പ്രതിഷേധവുമായി ചൈന
