'നിരുത്തരവാദപരവും അപകടകരവും': പ്രതിഷേധക്കാര്‍ക്കുവേണ്ടി ഇടപെടുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഇറാന്‍

'നിരുത്തരവാദപരവും അപകടകരവും': പ്രതിഷേധക്കാര്‍ക്കുവേണ്ടി ഇടപെടുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഇറാന്‍


ടെഹ്‌റാന്‍:    പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാല്‍ അമേരിക്ക ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഇറാന്‍ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചു. ട്രംപിന്റെ പരാമര്‍ശങ്ങള്‍ 'നിരുത്തരവാദപരവും അപകടകരവുമാണെന്ന്' ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി ആരോപിച്ചു. അമേരിക്കന്‍ അതിര്‍ത്തിക്കുള്ളില്‍ തന്നെ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ച ട്രംപ്, പൊതുസ്വത്ത് നശിപ്പിക്കുന്ന കുറ്റകൃത്യങ്ങള്‍ അനുവദിക്കാനാവില്ലെന്ന കാര്യം അറിയേണ്ടയാളാണെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രത്തെ ഭയക്കുന്നവരുടെയോ അതിനെ അനാവശ്യമെന്നു കരുതുന്നവരുടെയോ സ്വാധീനത്തിലാണ് ട്രംപ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നും അറാഘ്ചി ആരോപിച്ചു. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഏതു തരത്തിലുള്ള ഇടപെടലിനെയും ഇറാന്‍ ജനത ശക്തമായി തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന വെടിവെച്ചാല്‍ അമേരിക്ക ഇടപെടുമെന്നും 'അവര്‍ക്ക് രക്ഷ നല്‍കുമെന്നും' ട്രംപ് വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങളെ കൊലപാതകത്തിലേക്ക് തള്ളുന്നത് ഇറാന്റെ പതിവാണെന്നും ട്രംപ് ആരോപിച്ചു. 'ഞങ്ങള്‍ സജ്ജരാണ്. എല്ലാം ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി' എന്ന വാക്കുകളോടെയാണ് ട്രംപ് മുന്നറിയിപ്പ് അവസാനിപ്പിച്ചത്.

ഇറാന്‍ നേതൃത്വവും ശക്തമായി പ്രതികരിച്ചു. പ്രതിഷേധങ്ങളില്‍ അമേരിക്ക ഇടപെട്ടാല്‍ പശ്ചിമേഷ്യ മുഴുവന്‍ അസ്ഥിരതയിലാകുമെന്ന് പരമാധികാര നേതാവ് ആയത്തുല്ല അലി ഖാമനെയിയുടെ ഉപദേഷ്ടാവായ അലി ലാരിജാനി മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടല്‍ മേഖലയില്‍ കൂടുതല്‍ കലാപത്തിന് വഴിവെക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2022ല്‍ മഹ്‌സാ ജിന അമിനിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് വീണ്ടും ഇറാനില്‍ അശാന്തി പടരുന്നത്. ഹിജാബ് നിയമലംഘനത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് 22 വയസുകാരിയായ മഹ്‌സാ ജിന അമിനി മരിച്ചത്. ഇതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ഇറാന്റെ ആഭ്യന്തരവിദേശ രാഷ്ട്രീയ രംഗത്ത് ഇന്നും വലിയ ചലനം സൃഷ്ടിക്കുകയാണ്.