ലോകത്തിലെ ഏറ്റവും വലിയ വിദേശ നാണയ കരുതല്‍ ശേഖരത്തിന്റെ ഉടമ ചൈന; ഇന്ത്യ നാലാമത്

ലോകത്തിലെ ഏറ്റവും വലിയ വിദേശ നാണയ കരുതല്‍ ശേഖരത്തിന്റെ ഉടമ ചൈന; ഇന്ത്യ നാലാമത്


ബീജിംഗ്:  ഫാറെക്‌സ് റിസര്‍വ് അഥവാ വിദേശ കരുതല്‍ ധനശേഖരം ഒരു രാജ്യത്തിന്റെ ശക്തിയേയും ശേഷിയേയും കാണിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വിനിമയങ്ങള്‍ക്കായി ഉപയോഗിക്കുന്ന പൊതു കറന്‍സി യുഎസ് ഡോളര്‍ ആണെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. അതിനാലാണ് മറ്റു രാജ്യങ്ങളുടെ കറന്‍സികളുടെ മൂല്യം ഡോളറുമായി താരതമ്യപ്പെടുത്തുന്നത്.

വിദേശ നാണയ കരുതല്‍ ശേഖരത്തിന്റെ ആഗോള നേതാവായി അമേരിക്ക കണക്കാക്കപ്പെടുന്നു. എന്നാല്‍ ആഴത്തില്‍ നോക്കിയാല്‍ യുഎസ് ഡോളറിന്റെ ഏറ്റവും വലിയ കരുതല്‍ ശേഖരമുള്ളവരുടെ പട്ടികയില്‍ ഒന്നാമത് ചൈനയാണെന്നു മനസിലാകും. ചൈന എന്തുകൊണ്ട് ഇന്നും ശക്തമായി നിലകൊള്ളുന്നുവെന്നതിനുള്ള പ്രധാന കാരണവും ഇതുതന്നെ.

ഏറ്റവും പുതിയ ഡേറ്റ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ വിദേശ നാണയ കരുതല്‍ ശേഖരത്തിന്റെ ഉടമ ചൈനയാണ്. 3.6 ട്രില്യണ്‍ ഡോളര്‍ മൂല്യം വരുന്നതാണ് ചൈനയുടെ വിദേശ കരുതല്‍ ധനശേഖരം. ഇതു പ്രധാനമായും ചൈനയുടെ വന്‍ വ്യാപാര മിച്ചമാണ്. ചൈന ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കയറ്റുമതി ചെയ്യുന്നുവെന്നയിന്റെ തെളിവ്. ഈ വ്യാപാരങ്ങള്‍ വഴി അവര്‍ വന്‍തോതില്‍ ഡോളര്‍ സമ്പാദിക്കുന്നു.

ആഗോള സമ്മര്‍ദങ്ങളില്‍ മറ്റു കറന്‍സികളുടെ മൂലം ഇടിയുമ്പോഴും ചൈനയുടെ കറന്‍സി അതേ തോതില്‍ ഇടിയാറില്ലെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. പലപ്പോഴും യുവാന്‍ ഇടിവിന്റെ പട്ടികയില്‍ പ്രത്യക്ഷപ്പെടാറുപോലുമില്ല. ഇതിനു കാരണം ഈ വിദേശ കരുതല്‍ ധനശേഖരത്തിന്റെ ശക്തിയാണ്.
ചൈന അവരുടെ കരുതല്‍ ശേഖരം സ്വന്തം കറന്‍സിയായ യുവാനെ സ്ഥിരപ്പെടുത്താന്‍ ഉപയോഗിക്കുന്നു. തുടര്‍ന്ന് യുഎസ് ട്രഷറി ബോണ്ടുകളില്‍ നിക്ഷേപിക്കുകയും, ആഗോള സാമ്പത്തിക അസ്ഥിരത സമയത്ത് സമ്പദ്വ്യവസ്ഥയെ മെരുക്കുകയും ചെയ്യുന്നു.

ചൈനയ്ക്ക് ശേഷം ഈ ലിസ്റ്റില്‍ ജപ്പാന്‍ ആണ്. ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളില്‍ ജപ്പാന്റെ ശക്തിയെ പറ്റി ഏവര്‍ക്കും അറിയാവുന്നതാണ്. ഇവരുടെയും കയറ്റുമതി ശക്തമാണ്. ഏകദേശം 1.3 1.4 ട്രില്യണ്‍ ഡോളറിന്റെ വിദേശ കരുതല്‍ ധനശേഖരമാണ് ജപ്പാനുള്ളത്. വിനിമയ നിരക്കുകള്‍ കൈകാര്യം ചെയ്യുന്നതിനും, നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിനും, വ്യാപാര മൂലധന പ്രവാഹങ്ങളെ പിന്തുണയ്ക്കുന്നതിനും അവര്‍ ഇത് ഉപയോഗിക്കുന്നു.

പ്രസ്തുത പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം നാലാണ്. സമീപകാല കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വിദേശ കരുതല്‍ ധനശേഖരം 650 ബില്യണ്‍ മുതല്‍ 675 ബില്യണ്‍ ഡോളര്‍ വരെയാണ്. ഈ കരുതല്‍ ധനത്തിന്റെ വലിയൊരു ഭാഗം യുഎസ് ഡോളറിലാണ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിന്റെ കസ്‌റ്റോഡിയന്‍. ആഗോള സാമ്പത്തിക ആഘാതങ്ങള്‍ക്കെതിരെ ഇതു പ്രയോഗിക്കുന്നു. അസ്ഥിരതയുടെ സമയങ്ങളില്‍ രൂപയെ പിന്തുണയ്ക്കുന്നു. കൂടാതെ രാജ്യത്തിന്റെ പണപ്പെരുപ്പവും, ഇറക്കുമതി ബില്ലുകളും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു.