ലണ്ടൻ: ബ്രിട്ടനിൽ വർഷങ്ങളായി ചർച്ചയാകുന്ന 'ഗ്രൂമിങ് ഗാങ്' ലൈംഗികാതിക്രമ കേസുകൾ വീണ്ടും ദേശീയ ശ്രദ്ധയിൽ. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ സ്വതന്ത്ര എംപി റൂപ്പർട്ട് ലോവ് ഇരകളുടെ ഞെട്ടിക്കുന്ന മൊഴികൾ പുറത്തുവിട്ടതോടെയാണ് വിഷയം വീണ്ടും വിവാദമായത്.
സംഘടിത ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീകളുടെ അനുഭവങ്ങളാണ് എംപി പാർലമെന്റിൽ അവതരിപ്പിച്ചത്. ബാല്യകാലത്ത് തന്നെ നൂറുകണക്കിന് പുരുഷന്മാർ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും അധികൃതർ പലപ്പോഴും പരാതികൾ അവഗണിച്ചതായും ഇരകൾ ആരോപിച്ചു.
മൂന്ന് വർഷത്തിനിടെ 600 മുതൽ 700 വരെ പുരുഷന്മാർ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് ഒരു സ്ത്രീയുടെ മൊഴി. 13ാം വയസ്സിൽ ആരംഭിച്ച പീഡനം വർഷങ്ങളോളം തുടർന്നുവെന്നും അവർ പറഞ്ഞു. മറ്റൊരു ഇര, 15ാം വയസ്സിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയായിട്ടും ആശുപത്രിയിലും മറ്റ് സംവിധാനങ്ങളിലുമെല്ലാം ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന് വെളിപ്പെടുത്തി.
ചില മൊഴികളിൽ അതിക്രൂരമായ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും വിവരിക്കുന്നുണ്ട്. നിരവധി പെൺകുട്ടികളെ സംഘടിത സംഘങ്ങൾ ലക്ഷ്യമിട്ട് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്നാണ് ഇരകളുടെ ആരോപണം.
ഗ്രൂമിങ് ഗാങ് കേസുകളെക്കുറിച്ച് നടത്തിയ സ്വകാര്യ അന്വേഷണത്തിൽ ബ്രിട്ടനിലെ കുറഞ്ഞത് 85 മേഖലകളിലെങ്കിലും സംഘടിത ബാലലൈംഗിക ചൂഷണത്തിന്റെ തെളിവുകൾ കണ്ടെത്തിയതായി റൂപ്പർട്ട് ലോവ് അവകാശപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരിൽ വലിയൊരു വിഭാഗം പാകിസ്ഥാൻ വംശജരായ പുരുഷന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത്തരം കേസുകളിൽ അധികൃതർ ആവശ്യമായ ഇടപെടൽ നടത്തുന്നതിൽ പരാജയപ്പെട്ടെന്ന വിമർശനവും ശക്തമാണ്. വംശീയ വിവേചന ആരോപണങ്ങൾ ഉയരുമെന്ന ആശങ്കയിൽ ചില പരാതികൾ ഗൗരവമായി പരിഗണിക്കപ്പെട്ടില്ലെന്നാണ് മുൻ അന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
റോതർഹാം ഉൾപ്പെടെ ബ്രിട്ടനിലെ നിരവധി നഗരങ്ങളിൽ വർഷങ്ങളായി നടന്ന സംഘടിത ബാലലൈംഗിക ചൂഷണ കേസുകൾ നേരത്തേ രാജ്യത്തെ നടുക്കിയിരുന്നു. 1997 മുതൽ 2013 വരെ റോതർഹാമിൽ മാത്രം 1,400ലേറെ കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായതായി ഔദ്യോഗിക അന്വേഷണ റിപ്പോർട്ടുകൾ കണ്ടെത്തിയിരുന്നു.
കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ കണക്കുകൾ പ്രകാരം 2023ൽ ബ്രിട്ടനിൽ 1.15 ലക്ഷത്തിലേറെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ആയിരക്കണക്കിന് കേസുകൾ സംഘടിത സംഘങ്ങളുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇരകളുടെ മൊഴികൾ വീണ്ടും പുറത്തുവന്നതോടെ ഗ്രൂമിങ് ഗാങ് കേസുകളെക്കുറിച്ചുള്ള ദേശീയ ചർച്ചയും രാഷ്ട്രീയ വിവാദവും ബ്രിട്ടനിൽ വീണ്ടും ശക്തമായിരിക്കുകയാണ്.
'700 ഓളം പേർ പീഡിപ്പിച്ചു'; ബ്രിട്ടനെ നടുക്കി ഗ്രൂമിങ് ഗാങ് ഇരകളുടെ മൊഴികൾ, വിവാദം വീണ്ടും പുകയുന്നു
