ഗാസ: ഗാസയേയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫാ അതിര്‍ത്തി പരീക്ഷണാടിസ്ഥാനത്തില്‍ വീണ്ടും തുറന്നതായി ഇസ്രയേലി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഈ അതിര്‍ത്തി അടച്ച നിലയിലായിരുന്നു. തിങ്കളാഴ്ച മുതല്‍ കാല്‍നട യാത്രക്കാര്‍ക്ക് അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കുമെന്ന് ഇസ്രയേലിന്റെ 'കോഓര്‍ഡിനേറ്റര്‍ ഓഫ് ഗവണ്‍മെന്റ് ആക്റ്റിവിറ്റീസ് ഇന്‍ ദ ടെറിറ്ററീസ്' (കോഗാറ്റ്) ഏജന്‍സി വ്യക്തമാക്കി.
ഗാസ- ഈജിപ്ത് അതിര്‍ത്തി വീണ്ടും തുറന്നതായും പ്രവര്‍ത്തനം പരിശോധിക്കാനും വിലയിരുത്താനും പൈലറ്റ് പദ്ധതി ആരംഭിച്ചതായും കോഗാറ്റ് അറിയിച്ചു. തിങ്കളാഴ്ച മുതല്‍ പൗരന്മാര്‍ക്ക് ഇതുവഴി യാത്ര ചെയ്യാനാവും.
വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഗാസയിലെ പാലസ്തീനികള്‍ക്ക് ഇരുവശത്തേക്കുമായി പരിമിത യാത്ര അനുവദിക്കുമെന്ന് കോഗാറ്റ് അറിയിച്ചു. ഞായറാഴ്ച നടന്ന പരീക്ഷണ ഘട്ടം യൂറോപ്യന്‍ യൂണിയന്‍ ബോര്‍ഡര്‍ അസിസ്റ്റന്‍സ് മിഷന്‍ ഈജിപ്ത്, മറ്റ് ബന്ധപ്പെട്ട പങ്കാളികള്‍ എന്നിവരുമായി ഏകോപിപ്പിച്ചാണ് നടപ്പാക്കിയതെന്നും ഏജന്‍സി വ്യക്തമാക്കി.
റഫാ അതിര്‍ത്തി തുറക്കുന്നത് ഗാസയിലെ 22 ലക്ഷം ജനങ്ങളുടെ ദൈനംദിന ഭരണ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി രൂപീകരിച്ച 15 അംഗ പാലസ്തീന്‍ ടെക്‌നോക്രാറ്റിക് സമിതിയായ 'നാഷണല്‍ കമ്മറ്റി ഫോര്‍ ദ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ' അംഗങ്ങള്‍ പ്രവേശിക്കാന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി രൂപീകരിച്ച ഈ സമിതി യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അധ്യക്ഷനായ ബോര്‍ഡ് ഓഫ് പീസിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിദിനം 50 മെഡിക്കല്‍ രോഗികള്‍ക്ക് ഗാസ വിട്ടുപോകാന്‍ ഇസ്രയേല്‍ അനുമതി നല്‍കുമെന്ന് അറിയിച്ചു.
ഗാസയില്‍ നിന്ന് പുറത്തേക്കോ അകത്തേക്കോ പോകുന്ന എല്ലാ പാലസ്തീനികള്‍ക്കും ഈജിപ്തിന്റെ അനുമതി ആവശ്യമായിരിക്കും. അംഗീകാരം ലഭിച്ചവരുടെ പേരുകള്‍ ഈജിപ്ത്, ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന് പരിശോധനയ്ക്കായി കൈമാറും.
ഗാസയില്‍ നിന്ന് ഈജിപ്തിലേക്കുള്ള യാത്ര ഇസ്രയേല്‍ ദൂരനിരീക്ഷണത്തിലൂടെയാണ് നിയന്ത്രിക്കുക. നിയന്ത്രണ മുറിയില്‍ ഇരിക്കുന്ന ഇസ്രയേലി ഉദ്യോഗസ്ഥര്‍ മുഖപരിചയ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് അംഗീകൃത പട്ടികയിലുള്ളവരാണെന്ന് സ്ഥിരീകരിച്ച ശേഷം ഗേറ്റ് തുറന്ന് യാത്ര അനുവദിക്കും. അതേസമയം, ഈജിപ്തില്‍ നിന്ന് ഗാസയിലേക്കുള്ള പ്രവേശനത്തിലും ഇസ്രയേലി സുരക്ഷാ പരിശോധന ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
യുദ്ധത്തിന് മുന്‍പ്, റഫാ അതിര്‍ത്തി വഴി ഹമാസ് ആയുധങ്ങളും മറ്റ് സാമഗ്രികളും സൈനിക വിഭാഗത്തിലേക്ക് എത്തിച്ചിരുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും ആരോപിച്ചു. ഇസ്രയേലിന്റെ യാതൊരു മേല്‍നോട്ടവുമില്ലാതെയായിരുന്നു അത്തരം നീക്കങ്ങളെന്നും അവര്‍ പറഞ്ഞു.
