ദോഹ: ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഫാക്ടറിയിലുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരും പാകിസ്ഥാനികളുമായ 13 പേര്‍ മരിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 66 പേര്‍ക്കാണ് പരിക്ക്.
ഖത്തറിനു പുറമേ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, കെനിയ, ഘാന, താന്‍സാനിയ, നൈജീരിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് പരിക്കേറ്റതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് മന്ത്രാലയം അറിയിച്ചു.
റാസ് ലഫാനിലെ ബര്‍സാന്‍ ലോക്കല്‍ ഗ്യാസ് സപ്ലെയിലാണ് സ്‌ഫോടനം നടന്നതെന്ന് ഊര്‍ജ്ജകാര്യ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി സി ഇ ഒയുമായ സഅദ് ശരിദ അല്‍ കഅബി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം പത്തരയ്ക്കാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. റാസ് ലഫാനിലെ ഫാക്ടറിയില്‍ നടന്നത് അപകടം മാത്രമാണെന്നും വിധ്വംസക പ്രവര്‍ത്തനമോ അട്ടിമറിയോ അല്ലെന്നും മന്ത്രി വിശദമാക്കി.
ബര്‍സാന്‍ പ്ലാന്റ് അറ്റകുറ്റപ്പണികള്‍ക്കായി 2025 ഡിസംബര്‍ മുതല്‍ നിര്‍ത്തിവെച്ചിരുന്നതായും രണ്ടു ദിവസം മുമ്പാണ് പ്രവര്‍ത്തനം പുനഃരാരംഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഫാക്ടറിയിലുണ്ടായ സംഭവം കയറ്റുമതിയെ ബാധിക്കില്ലെന്നും പ്രാദേശിക തലത്തിലുള്ള വിതരണത്തിനുള്ള ഉത്പാദനമാണ് അവിടെ നടന്നിരുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിനാവശ്യമായ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടമുണ്ടായ ഉടന്‍ സുരക്ഷാ ഏജന്‍സികള്‍ റാസ് ലഫാനിലെ അടിയന്തര പ്രതികരണ സംഘങ്ങളുമായി ചേര്‍ന്ന് സ്ഥലത്തെത്തി അംഗീകൃത അടിയന്തര നടപടിക്രമങ്ങള്‍ നടപ്പാക്കിയതായി മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പരിക്കേറ്റവരെ ആവശ്യമായ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും സംഭവസ്ഥലത്തെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും പ്രസ്താവനയില്‍ പറയുന്നു.
അപകടത്തിന്റെ കൃത്യമായ സാങ്കേതിക കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ നിയമപരവും സാങ്കേതികവുമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് വിഷവാതകങ്ങളോ മറ്റ് അപകടകരമായ വസ്തുക്കളോ ചോര്‍ന്നിട്ടില്ലെന്നും പൊതുസുരക്ഷയ്‌ക്കോ സമീപ പ്രദേശങ്ങളിലെ പരിസ്ഥിതിക്കോ യാതൊരു ഭീഷണിയുമില്ലെന്നും ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി.
മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
