യുഎസ്-ഇറാൻ സംഘർഷം ശമിപ്പിക്കാൻ ഖത്തർ ഇടപെടൽ ശക്തമാക്കി; ടെഹ്രാനിൽ ഖത്തർ പ്രതിനിധികളുടെ ചർച്ച; ഹോർമുസ് കടലിടുക്കിൽ അതീവ ജാഗ്രത തുടരുന്നു

യുഎസ്-ഇറാൻ സംഘർഷം ശമിപ്പിക്കാൻ ഖത്തർ ഇടപെടൽ ശക്തമാക്കി; ടെഹ്രാനിൽ ഖത്തർ പ്രതിനിധികളുടെ ചർച്ച; ഹോർമുസ് കടലിടുക്കിൽ അതീവ ജാഗ്രത തുടരുന്നു


ടെഹ്രാൻ/ദോഹ: യുഎസും ഇറാനും തമ്മിൽ വീണ്ടും സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ ശാന്തമാക്കാൻ ഖത്തർ നയതന്ത്ര ഇടപെടൽ ശക്തമാക്കി. സംഘർഷം കുറയ്ക്കുന്നതിനും ഇരു രാജ്യങ്ങളും വീണ്ടും ചർച്ചാമേശയിലേക്ക് മടങ്ങിവരുന്നതിനുമായി ഖത്തർ പ്രതിനിധിസംഘം ടെഹ്രാനിൽ ഇറാൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജൂലൈ 17ന് ഒപ്പുവെച്ച യുഎസ്-ഇറാൻ ധാരണാപത്രം നടപ്പാക്കുന്നതും ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതുമാണ് ചർച്ചകളുടെ പ്രധാന ലക്ഷ്യം. വാഷിങ്ടണിന്റെ ഏകോപനത്തോടെയാണ് ഈ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.

അമേരിക്ക ഇറാനിൽ പുതിയ വ്യോമാക്രമണം നടത്തിയതിനെ തുടർന്നാണ് മേഖലയിൽ വീണ്ടും സംഘർഷം ശക്തമായത്. രണ്ട് ദിവസത്തെ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾ ഇറാൻ ആക്രമിച്ചതിന് പിന്നാലെയായിരുന്നു അമേരിക്കയുടെ ആക്രമണം.

അതേസമയം, കുവൈത്തിലും ബഹ്രൈനിലുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. എന്നാൽ ആക്രമണങ്ങൾ പ്രതിരോധിച്ചതായും അമേരിക്കൻ സൈനികർക്ക് പരിക്കേറ്റിട്ടില്ലെന്നും യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു.

നേറ്റോ ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ അവസാനിച്ചതായി പ്രഖ്യാപിച്ചെങ്കിലും നയതന്ത്ര ചർച്ചകൾ തുടരാൻ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചിരുന്നു.

ഇതിനിടെ, ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായാൽ ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ഇപ്പോഴും അതീവ ഗുരുതരമാണെന്ന് ബ്രിട്ടന്റെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) മുന്നറിയിപ്പ് നൽകി. ലോകത്തെ എണ്ണവാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസിൽ ഉണ്ടാകുന്ന ഏത് തടസ്സവും ആഗോള ഊർജ വിപണിയെയും സമുദ്രവ്യാപാരത്തെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.