ദോഹ: റാസ് ലഫാന്‍ എല്‍ എന്‍ ജി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതുമായി ബന്ധപ്പെട്ട് ദി വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ആരോപണങ്ങള്‍ തള്ളി ഖത്തര്‍. ജൂണ്‍ 12ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഖത്തര്‍ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസ് വ്യക്തമാക്കി.
ഊര്‍ജ്ജോത്പാദനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന തീരുമാനങ്ങള്‍ ഇറാനുമായി ഏകോപിപ്പിച്ചതാണെന്നോ പ്രാദേശിക സംഘര്‍ഷത്തിന്റെ സ്വാധീനത്തിലാണ് അവ സ്വീകരിച്ചതെന്നോ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതായി ഖത്തര്‍ ചൂണ്ടിക്കാട്ടി. ഇത്തരം ആരോപണങ്ങള്‍ യുക്തിരഹിതവും വിശ്വസനീയമല്ലാത്തതുമാണെന്ന് അധികൃതര്‍ പ്രതികരിച്ചു.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സംഭവങ്ങള്‍ നടന്നുവെന്ന് പറയുന്ന സമയത്ത് ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് സ്വന്തം രാജ്യത്തെ പ്രതിരോധിക്കുകയായിരുന്നുവെന്ന് ഖത്തര്‍ വ്യക്തമാക്കി.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഖത്തര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനും രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകര്‍ക്കാനും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെ ബാധിക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അത്തരം വിഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങളെയാണ് വാഷിങ്ടണ്‍ പോസ്റ്റ് ആശ്രയിച്ചതെന്നും മീഡിയ ഓഫീസ് ആരോപിച്ചു.
റാസ് ലഫാന്‍ എല്‍ എന്‍ ജി കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിച്ചെന്ന പേരില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഖത്തര്‍ വ്യാജ കാരണം കണ്ടെത്തിയെന്ന ആരോപണവും അധികൃതര്‍ തള്ളി.
സംഘര്‍ഷം ആരംഭിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് നേരിടേണ്ടി വന്നേക്കാവുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള അടിയന്തര വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് എല്‍ എന്‍ ജി കരാറുകളില്‍ ഫോഴ്‌സ് മജ്യൂര്‍ പ്രഖ്യാപിച്ചതെന്ന് ഖത്തര്‍ വിശദീകരിച്ചു.
യാഥാര്‍ഥ്യബോധമുള്ള വിലയിരുത്തലുകളുടെയും പ്രവര്‍ത്തന സുരക്ഷാ ആവശ്യകതകളുടെയും അടിസ്ഥാനത്തിലാണ് എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടതെന്ന് ഖത്തര്‍ എനര്‍ജി വ്യക്തമാക്കി.
സുരക്ഷാ സാഹചര്യങ്ങളെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കി.
സൂക്ഷ്മമായ ഭൗമരാഷ്ട്രീയ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള കൃത്യതയും ഉത്തരവാദിത്വവും പാലിക്കേണ്ടതുണ്ടെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ഉപകരണമായി ഒരു പ്രമുഖ മാധ്യമ സ്ഥാപനം മാറിയെന്നത് അത്യന്തം ഖേദകരമാണെന്നും അങ്ങനെ ചെയ്യുന്നതിലൂടെ അത് സ്വന്തം വായനക്കാരെ പരാജയപ്പെടുത്തുകയും വ്യാജ ആരോപണങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുകയും ചെയ്തിരിക്കുന്നുവെന്നും ഖത്തറിന്റെ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
