ഇറാന്‍ കരാറുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങള്‍ പ്രതീക്ഷയേകുന്നതെന്ന് ഖത്തര്‍

ഇറാന്‍ കരാറുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങള്‍ പ്രതീക്ഷയേകുന്നതെന്ന് ഖത്തര്‍


ദോഹ: ഇറാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായും നടത്തിയ ചര്‍ച്ചകള്‍ പോസിറ്റീവായിരുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി പറഞ്ഞു. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും അമേരിക്ക- ഇറാന്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മാര്‍ഗങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഖത്തര്‍ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. 


കരാറില്‍ എത്തുന്നതിനും മേഖലയിലെ സമാധാനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് ഖത്തര്‍ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.

ഇറാനുമായുള്ള സൈനികമായ യുദ്ധം ഫലത്തില്‍ അവസാനിച്ചുവെന്നാണ് തന്റെ വിലയിരുത്തലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കേണ്ട സാഹചര്യം നിലവില്‍ അത്യാവശ്യമാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി സംഭാഷണം നടത്തിയെന്നും ഇറാനുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും ട്രംപ് പറഞ്ഞു.

ഖത്തര്‍, സൗദി അറേബ്യ, യു എ ഇ, ബഹ്റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ നിലവിലെ സ്ഥിതി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ചരിത്രത്തിലെ ഏറ്റവും വലിയ നാവിക ഉപരോധം എന്ന് വിശേഷിപ്പിച്ച നടപടിയും 'ഓപ്പറേഷന്‍ അയണ്‍ ഗേറ്റ്' എന്ന പുതിയ നീക്കവും കരയിലും കടലിലും തുടരുന്നതിനാണ് ഈ രാജ്യങ്ങളുടെ താത്പര്യമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ അവകാശപ്പെട്ടു.

ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കാനാവില്ലെന്ന കാര്യത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും ഒരേ നിലപാടാണെന്നും ഇത് ചര്‍ച്ചകള്‍ക്ക് അതീതമായ വിഷയമാണെന്നും ട്രംപ് വ്യക്തമാക്കി.

മധ്യപൗരസ്ത്യ ദേശത്തെ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായാല്‍ ഇടപെടാന്‍ അമേരിക്ക പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നിലവില്‍ അത്തരമൊരു സാഹചര്യം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലും മധ്യപൗരസ്ത്യ മേഖലയാകെയും ഇറാനില്‍നിന്നുള്ള ഭീഷണികളില്‍നിന്ന് സുരക്ഷിതമാണെന്നും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ അനുകൂലമായ പുരോഗതി കാണുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

അമേരിക്കയുടെ താത്പര്യങ്ങള്‍ എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്നും സൈനിക ഇടപെടല്‍ അവസാനിക്കുമ്പോള്‍ അമേരിക്കന്‍ ജനതയ്ക്കും ലോകത്തിനും കൂടുതല്‍ സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കാനാകുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.