ദോഹ: റാസ് ലഫാന്‍ ഇന്‍ഡസ്ട്രയല്‍ സിറ്റിയിലും മിസഈദ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുമാണ്ടായ ആക്രമണത്തിന് പിന്നാല്‍ ദ്രവീകൃത പ്രകൃതി വാതക ഉത്പാദനം നിര്‍ത്തിയതായി ഖത്തര്‍ എനര്‍ജി അറിയിച്ചു.
ഖത്തറിലും സൗദി അറേബ്യയിലും ഇറാന്‍ വന്‍കിട ഗ്യാസ് ഉത്പാദന കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു. മിഡില്‍ ഈസ്റ്റിലെ സംഭവഗതികളെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ പ്രകൃതി വാതക വില കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യു കെയില്‍ ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തില്‍ ഏപ്രില്‍ മാസത്തെ ഡെലിവറിയ്ക്കുള്ള ഗ്യാസ് വില 42 ശതമാനമാണ് ഉയര്‍ന്നത്. ലോകത്തിലെ പ്രധാന ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിക്കാരിലൊന്നാണ് ഖത്തര്‍. ആഗോള വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്നും ഖത്തറിന്റെ വിഹിതമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കടല്‍ മാര്‍ഗം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് സഞ്ചരിക്കുന്നത്.
ഖത്തറിന്റെ പ്രധാന ഉപഭോക്താക്കള്‍ ദക്ഷിണ- കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണെങ്കിലും ഈ കടല്‍പാതയിലോ വിതരണ ശൃംഖലയിലോ എന്തെങ്കിലും തടസ്സം സംഭവിച്ചാല്‍ ആഗോള വിപണിയില്‍ വില വര്‍ധനയ്ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
